സഞ്ജുവിന് പകരം ലോകകപ്പില്‍ ഇഷാന്‍ എത്തുമോ? മറുപടിയുമായി സൂര്യകുമാര്‍ യാദവ്‌

കാര്യവട്ടത്ത് നിർണായക സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് സഞ്ജുവിന് പകരം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നത്

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജു സാംസൺ പരാജയമായി മാറിയതോടെ താരത്തിന്റെ മുന്നോട്ടുള്ള ഭാവി ആശങ്കയിലായി. ബാറ്റിങ്ങിൽ മോശം പ്രകടനം കാഴ്ച വെച്ച താരത്തിന് വിക്കറ്റ് കീപ്പർ സ്ഥാനവും കഴിഞ്ഞ മത്സരത്തിൽ നഷ്ടപ്പെട്ടിരുന്നു. കാര്യവട്ടത്ത് നിർണായക സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് ന്യൂസിലാൻഡ് ഇന്നിങ്സിൽ‌ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നത്. ഇതോടെ ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന സ്ഥാനവും സഞ്ജുവിനു നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ഇപ്പോഴിതാ ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് പകരം ഇഷാൻ കിഷൻ എത്തുമോ ചോദ്യത്തിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. കാര്യവട്ടത്തെ ടി20 മത്സരത്തിന് ശേഷം ലോകകപ്പ് ഇലവനിൽ ഇഷാൻ കിഷന്റെ സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേയാണ് സൂര്യയുടെ പ്രതികരണം. അക്കാര്യം സെലക്ടർമാരെ സംബന്ധിച്ച് ഒരു തലവേദന തന്നെയാണെന്നാണ് ക്യാപ്റ്റൻ പറഞ്ഞത്.

'തിലക് വർമ സുഖംപ്രാപിച്ചുവരികയാണ്. അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയാൽ തീർച്ചയായും അത് ഒരു നല്ല തലവേദനയായിരിക്കും. ഇഷാനാണോ സഞ്ജുവാണോ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുകയെന്ന് ഫെബ്രുവരി 7ന് നിങ്ങള്‍ക്കറിയാം. ടീമിലെ 15 പേരും കളിക്കാന്‍ അര്‍ഹതയുള്ളവരാണ്', സൂര്യകുമാര്‍ പറഞ്ഞു.

​ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മു​മ്പായി ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമെന്ന നിലയിൽ സഞ്ജുവിന് ഏറെ പ്രധാനമായിരുന്നു കാര്യവട്ടത്തെ മത്സരം. മലയാളികളുടെ പ്രിയപ്പെട്ട താരം സ്വന്തം നാട്ടിൽ ഫോമിലേക്കുയരുമെന്ന് ആരാധകരും ടീം മാനേജ്മെന്റും പ്രതീക്ഷിച്ചെങ്കിലും ആറ് പന്ത് മാത്രം നേരിട്ട് ആറ് റൺസുമായി ഡീപ് തേർഡിൽ പിടികൊടുത്തുള്ള മടക്കം ഏ​വരെയും നിരാശപ്പെടുത്തി. മത്സരത്തിൽ ലഭിച്ച അവസരം മുതലെടുത്ത ഇഷാൻ കിഷൻ 43 പന്തിൽ 103 റൺസിന്റെ വെടിക്കെട്ട് ഇന്നിങ്സ് പ്രകടനവുമായി ഇന്ത്യയുടെ വിജയത്തിൽ നിർ‌ണായകവുമായി.

Content Highlights: Sanju Samson or Ishan Kishan for World Cup XI spot, Suryakumar Yadav reacts

To advertise here,contact us