'സഞ്ജുവും അഭിഷേകുമല്ല, ടി 20 ലോകകപ്പിൽ ഇന്ത്യയുടെ താരമാകുക അവൻ'; പ്രവചിച്ച് ചഹൽ

ടി 20 ലോകകപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ടി 20 ലോകകപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി ഏഴിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇപ്പോഴിതാ ടൂർണമെന്‍റിൽ ഇന്ത്യയുടെ മികച്ച താരത്തെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ.

വെടിക്കെട്ട് ബാറ്റർമാരായ അഭിഷേക് ശർമയെയോ ഇഷാൻ കിഷനേയോ സൂര്യകുമാർ യാദവിനെയോ സഞ്ജു സാംസണിനെയോ ഒന്നുമല്ല ചഹൽ മികച്ച താരമായേക്കാവുന്ന ഒരാളായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ മികച്ച താരവും ബൗളറും പേസര്‍ ജസ്പ്രീത് ബുംറ ആയിരിക്കുമെന്നാണ് ചഹലിന്‍റെ പ്രവചനം. ഇന്ത്യയുടെ മാത്രമല്ല, ലോകകപ്പിലെ തന്നെ താരമാകാനും ഏറ്റവും കൂടുതൽ സാധ്യത ബുംറയ്ക്കാണെന്നും ചഹൽ പറഞ്ഞു. 2024 ലോകകപ്പിലും ബുംറയായിരുന്നു ലോകകപ്പിലെ താരം.

ബുമ്രയുടെ കൃത്യതയും ഫോമും ഇന്ത്യക്ക് കിരീടം നിലനിർത്താൻ അനിവാര്യമാണെന്നും ചാഹൽ പറഞ്ഞു. ബാറ്റര്‍മാരില്‍ ടോപ് സ്കോററാവാന്‍ സാധ്യത ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശർമ്മ തന്നെയാണെന്ന് ചഹല്‍ പറഞ്ഞു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്നതും അഭിഷേക് ആയിരിക്കുമെന്ന് ചഹൽ പ്രവചിച്ചു. 240 റൺസായിരിക്കും ഇത്തവണത്തെ ഉയർന്ന ടീം ടോട്ടലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പില്‍ പെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമാണ് താന്‍ കാണാന്‍ കാത്തിരിക്കുന്ന മത്സരമെന്നും ചഹല്‍ കൂട്ടിച്ചേർത്തു. ഇതുവരെ ടി 20 ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമും കിരീടം നിലനിർത്തിയിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് നിലവിലെ ജേതാക്കളായ ഇന്ത്യ ഇറങ്ങുന്നത്.

Content Highlights: Yuzvendra Chahal best indian player and world player for upcoming t20 worldcup

To advertise here,contact us