മലയാളി താരം സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്നും എന്നാൽ ഫോം വീണ്ടെടുത്തില്ലെങ്കിൽ ഇഷാൻ കിഷൻ ടീമിൽ ഇടംപിടിക്കുമെന്നും ഇന്ത്യയുടെ മുന്താരം ഇർഫാന് പത്താൻ. ഇന്ത്യ-ന്യൂസിലാന് ടി20 പരമ്പരയിലെ അഞ്ചാത്തേതും അവസാനത്തേതുമായ മത്സരത്തിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു പത്താന്റെ പ്രതികരണം. പരമ്പരയില് ഇതുവരെ തിളങ്ങാന് കഴിയാതെ പോയ സഞ്ജുവിന് ലോകകപ്പ് ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില് വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടതുണ്ട്.
അഞ്ച് മത്സരങ്ങൾ അടങ്ങിയ ഇന്ത്യ - ന്യൂസിലാൻഡ് പരമ്പരയിൽ 10, 6, 0, 24 എന്നതായിരുന്നു മലയാളി താരം സഞ്ജുവിന്റെ ഇതുവരെയുള്ള സ്കോറുകൾ. എന്നാൽ ടി20 ലോകകപ്പ് ഇലവനിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ സഞ്ജുവിന് ഇന്ന് കാര്യവട്ടത്ത് റൺവേട്ട നടത്തിയേ മതിയാകൂ. ഈ സാഹചര്യത്തിൽ സഞ്ജുവിനെ പിന്തുണച്ചും വിമർശിച്ചും പല ഇന്ത്യൻ മുൻ താരങ്ങളും രംഗത്തുവന്നിരുന്നു. ഒടുവിലായി സഞ്ജുവിന് ഒരു മുന്നറിയിപ്പുമായാണ് ഇന്ത്യൻ മുൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ രംഗത്തെത്തിയിരിക്കുന്നത്.
സഞ്ജുവിനെ ടോപ് ഓർഡറിൽ താഴേക്ക് ഇറക്കി പരീക്ഷിച്ചത് താരത്തോട് കാണിച്ച അനീതിയാണെന്ന് പറഞ്ഞ ഇര്ഫാന് പത്താന്, സഞ്ജുവിന് ബാറ്റിംഗ് നിരയിൽ കൃത്യമായ ഒരു സ്ഥാനവും കൂടുതൽ അവസരങ്ങളും നൽകണമെന്നും ആവശ്യപ്പെട്ടു. സഞ്ജു റൺസ് അടിച്ചുകൂട്ടുന്നത് കാണാനാണ് വ്യക്തിപരമായ തന്റെ ആഗ്രഹം. കാലങ്ങളായി അദ്ദേഹം കളിക്കുന്ന ടോപ് ഓർഡർ പൊസിഷൻ തന്നെ ഇനിയും അവസരങ്ങൾ നൽകണം. അദ്ദേഹത്തെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് മാറ്റിയത് ശരിയായില്ലെന്നും പത്താന് വ്യക്തമാക്കി. ഏഷ്യാ കപ്പിന് ശേഷം സഞ്ജുവിനെ ഓപ്പണിങ് പൊസിഷനിലേക്ക് തിരികെ കൊണ്ടുവന്നത് നല്ല തീരുമാനമാണെങ്കിലും, കിട്ടുന്ന അവസരങ്ങൾ താരത്തിന് മുതലാക്കാൻ കഴിയണമെന്നും പത്താൻ കൂട്ടിച്ചേർത്തു.
പരിക്കിൽ നിന്ന് മുക്തനായ ഇഷാൻ കിഷൻ തകർപ്പൻ ഫോമിലാണ്. ഇഷാന്റെ തിരിച്ചുവരവോടെ സഞ്ജുവിനെ മാറ്റി നിർത്തണമെന്ന ആവശ്യവും ശക്തമാണ്. സഞ്ജുവിന് ഇനിയും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് പകരം ഇഷാൻ കിഷനെ പ്ലേയിംഗ് ഇലവനില് കളിപ്പിക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം ന്യായമായിരിക്കുമെന്നും ഇര്ഫാന് പത്താന് വ്യക്തമാക്കി.
ടീമിൽ തിലക് വർമയെപ്പോലുള്ളവരുടെ സാന്നിധ്യം ടീമില് ഏറെ പ്രധാനപ്പെട്ടതാണെന്ന് പത്താന് പറഞ്ഞു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ ബുദ്ധിപരമായ തീരുമാനങ്ങൾ എടുത്ത് കളിക്കാനുള്ള തിലകിന്റെ കഴിവിനെ പത്താൻ പ്രശംസിച്ചു. തിലകിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിവീസിനെതിരായ ടി20 പരമ്പര ഇതിനോടകം ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും ലോകകപ്പിന് മുൻപുള്ള അവസാന പോരാട്ടമെന്ന നിലയിൽ മത്സരം കാണാൻ ഇന്ന് കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയം നിറയുമെന്നുറപ്പാണ്. മത്സരത്തിന്റെ ടിക്കറ്റുകളും ഏറെ പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞിരുന്നു. പരിക്കിൽ നിന്ന് മുക്തരായ ഇഷാൻ കിഷനും അക്സർ പട്ടേലും പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകിയാൽ ഇഷാൻ കിഷൻ ഓപ്പണിങ് സ്ഥാനത്തേക്കെത്തിയേക്കും.
Content highlight: 'What was done to Sanju was unfair'; Irfan Pathan