സാം കറന് ഹാട്രിക്; ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ഡിഎൽഎസ് നിയമപ്രകാരമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഇം​ഗ്ലണ്ടിന് വിജയത്തുടക്കം. പല്ലെക്കലെയിൽ നടന്ന ഒന്നാം ടി20 മത്സരത്തിൽ 11 റൺസിനാണ് ലങ്കയെ ഇം​ഗ്ലീഷ് പട മുട്ടുകുത്തിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ ഇം​ഗ്ലീഷ് സൂപ്പർ താരം സാം കറൻ ഹാട്രിക് നേടുകയും ചെയ്തു.

17 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 16.2 ഓവറില്‍ 133 റണ്‍സിന് ഓള്‍ഔട്ടായി. ശ്രീലങ്കൻ ബാറ്റിങ്ങിന്റെ അവസാന ഓവറുകളിൽ ദസുൻ ശനക, മഹീഷ തീക്ഷ്ണ, മതീഷ പതിരാന എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് കറൻ ഹാട്രിക് തികച്ചത്. ഒരു ഘട്ടത്തിൽ 76-1 എന്ന ശക്തമായ നിലയിലായിരുന്ന ലങ്കയ്ക്ക് ഇം​ഗ്ലീഷ് ബോളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

134 റൺസ് വിജയം പിന്തുടരാനിറങ്ങിയ ഇം​ഗ്ലണ്ടിന് 35 പന്തിൽ നിന്ന് 46 റൺസ് നേടിയ ഫിൽ സാൾട്ട് മികച്ച തുടക്കം സമ്മാനിച്ചു. 17 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയിക്കാൻ രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം മതിയാകുമ്പോഴാണ് മഴ വീണ്ടും എത്തിയത്. ഇതോടെ ഡിഎൽഎസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Content highlights: SL vs ENG: Sam Curran hat-trick seals 11 run DLS win for England over Sri Lanka

To advertise here,contact us