ഒരു കൈയബദ്ധം! പാകിസ്താന്റെ ലോകകപ്പ് യാത്രാ വിവരങ്ങൾ പുറത്ത്

ഫെബ്രുവരി 7ന് ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലായി ആരംഭിക്കുന്ന ലോകകപ്പിൽ പാക് ടീം പങ്കെടുക്കുമോ എന്നതിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല

വരുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ മത്സരിക്കുമോ ഇല്ലയോ എന്നുള്ള അനിശ്ചതത്വം നിലനിൽക്കുന്നതിനിടയിൽ പാക് ടീമിന്റെ യാത്ര വിവരങ്ങൾ ലീക്കായി. ടൂർണമെന്റിൽ പങ്കെടുക്കുമോ എന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നത്. അബദ്ധം മനസിലായതോടെ യാത്രാ വിവരങ്ങളുടെ ഭാഗം നീക്കം ചെയ്ത് പിസിബി പുതുക്കി പ്രസിദ്ധീകരിച്ചു.

പാകിസ്താൻ - ഓസ്ട്രേലിയ ടി20 പരമ്പര അവസാനിച്ചതിന് ശേഷം പാക് സംഘം ശ്രീലങ്കയിലേക്ക് പോകുമെന്നാണ് വിവരം. ലോകകപ്പ് പോരാട്ടങ്ങൾക്കായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും സംഘവും എയർ ലങ്ക വിമാനത്തിൽ ശ്രീലങ്കയിലേക്ക് പോകുമെന്നായിരുന്നു പുറത്തുവന്ന വാർത്തക്കുറിപ്പിൽ ഉണ്ടായിരുന്നത്.

പുതുക്കിയ വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിവരങ്ങൾ ചോർന്നതാണോ അതോ ആശയക്കുഴപ്പങ്ങൾ ഉണ്ടായതാണോ എന്ന ചർച്ചകളും ഉയർന്നു. വ്യവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാകിസ്താനിലെ മാധ്യമപ്രവർത്തകരും വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

ഫെബ്രുവരി ഏഴിന് ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ പാക് ടീം പങ്കെടുക്കുമോ എന്നതിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. തിങ്കളാഴ്ച്ച പ്രഖ്യാപനം ഉണ്ടാകുമെന്നുള്ള സൂചനകൾ നിലനിൽക്കെയാണ് യാത്ര വിവരങ്ങൾ പുറത്തുവന്നത്. ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കില്ലെന്ന് അറിയിച്ചതോടെ അവരെ പുറത്താക്കി സ്കോട്ലാൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താൻ ബഹിഷ്കരണ ഭീഷണി മുഴക്കിയത്.

ഇതിനെല്ലാമിടയിൽ ഇന്ത്യയ്ക്ക് എതിരെയുള്ള മത്സരം മാത്രം ബഹിഷ്കരിക്കുമെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ, സെമിയോ കലാശപോരാട്ടമോ ഇന്ത്യയുമായി വന്നാൽ പിന്നെ എന്ത് എന്നതായിരുന്നു ഉയർന്ന ചോദ്യം. ബഹിഷ്കരണ ഭീഷണിയുമായി മുന്നോട്ടുപോയാൽ സാമ്പത്തിക നഷ്ടം, കനത്ത ഉപാധികൾ അടക്കം പാകിസ്താനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികളാണ്. പിന്നാലെ ടൂർണമെന്റ്റിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ പിബിസി ചെയർമാനും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

Content highlights: T20 World Cup; Pakistan's World Cup travel details leaked

To advertise here,contact us