

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ തകർപ്പൻ ഹാട്രിക് നേടിയിരിക്കുകയാണ് ഇംഗ്ലീഷ് സൂപ്പർ താരം സാം കറൻ. ശ്രീലങ്കൻ ബാറ്റിങ്ങിന്റെ അവസാന ഓവറുകളിൽ ദസുൻ ശനക, മഹീഷ തീക്ഷ്ണ, മതീഷ പതിരാന എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് കറൻ ഹാട്രിക് തികച്ചത്. മത്സരത്തില് മൂന്ന് ഓവര് പന്തെറിഞ്ഞ കറന് 38 റണ്സ് വിട്ടുകൊടുത്താണ് നിര്ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായ ഹാട്രിക് വീഴ്ത്തിയതിന് പിന്നാലെ ചരിത്രനേട്ടവും കുറിച്ചിരിക്കുകയാണ് സാം കറൻ. രാജ്യാന്തര ടി20യിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമെന്ന റെക്കോർഡാണ് സാം കറൻ സ്വന്തം പേരിലെഴുതിച്ചേർത്തത്. ക്രിസ് ജോർദാനുശേഷം ടി20യിൽ ഇംഗ്ലണ്ടിന് വേണ്ടി ഹാട്രിക് കുറിക്കുന്ന താരമാണ് കറൻ.
മത്സരത്തിൽ ഇംഗ്ലണ്ട് 11 റൺസിന് വിജയം സ്വന്തമാക്കുകയും ചെയ്തു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്.
Content Highlights: Sam Curran Makes History, Becomes Second player to take a Hat trick for England in T20s