

കേരളത്തിലെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ആ ദിവസമെത്തി. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ ഇന്ന് സ്വന്തം മണ്ണിൽ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. തങ്ങളുടെ സ്വന്തം സഞ്ജു ഫോമിലേക്ക് തിരിച്ചെത്തി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്നത് കാണാനായി ആരാധകർ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തും, ഗ്യാലറി ആർത്തിരമ്പും.
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് തിരുവനന്തപുരത്ത് അരങ്ങേറുക. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും. വൈകിട്ട് മൂന്ന് മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും.
നിലവിൽ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ കിവികൾ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.
മലയാളി താരം സഞ്ജു സാംസൺ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസൺ ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തിൽ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകർ കണക്കുകൂട്ടുന്നു.
Content Highlights: IND vs NZ: India vs New Zealand 5th T20 match today at Greenfield International Stadium Thiruvananthapuram, all eyes on Sanju Samson