മധുര പ്രതികാരം; സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി റിബാകിന

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ കന്നിമുത്തമിട്ട് കസാഖിസ്ഥാന്‍ താരം എലേന റിബാകിന

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ കന്നിമുത്തമിട്ട് കസാഖിസ്ഥാന്‍ താരം എലേന റിബാകിന. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തിയാണ് താരം കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണും കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടവും ഉയര്‍ത്തിയത്. 2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവാണ് റിബാകിന. സ്‌കോര്‍: 6-4, 4-6, 6-4.

സബലേങ്കക്കെതിരെ റിബാകിന ആദ്യ സെറ്റ് നേടി തുടങ്ങി. എന്നാല്‍ രണ്ടാം സെറ്റില്‍ സബലേങ്ക തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ സബലേങ്ക 3-0ത്തിനു മുന്നിലായിരുന്നു. അവിടെ നിന്നാണ് റിബാകിന തിരിച്ചു വരവ് നടത്തി മുന്നേറിയത്.

2023ലും റിബാകിന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സബലേങ്കയ്ക്ക് മുന്നില്‍ കിരീടം കൈവിട്ടു. അന്നും ആദ്യ സെറ്റ് നേടിയാണ് താരം തുടങ്ങിയതെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തോറ്റാണ് ജയവും കിരീടവും അടിയറവ് വച്ചത്. അതിനുള്ള മധുരപതികരം കൂടിയായിരുന്നു ഈ വിജയം.

2023, 2024 വര്‍ഷങ്ങളില്‍ ഇവിടെ കിരീടം നേടിയ സബലേങ്ക ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ തവണ ഇറങ്ങിയെങ്കിലും കിരീടം കൈവിട്ടിരുന്നു. കഴിഞ്ഞ തവണ അമേരിക്കയുടെ മാഡിസന്‍ കീസിനു മുന്നിലാണ് കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നത്. ഇത്തവണ കിരീടം തിരിച്ചു പിടിക്കാമെന്ന മോഹത്തിലായിരുന്നു താരം. എന്നാല്‍ റിബാകിനയ്ക്ക് മുമ്പിൽ ആ സ്വപ്‍നവും തകരുകയായിരുന്നു.

Content Highlights: ; Elena Rybakina beat Aryna Sabalenka in australia open final

To advertise here,contact us