

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്ലി ഇന്സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ആശങ്കയിലാഴ്ത്തി കോഹ്ലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം അപ്രത്യക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ അക്കൗണ്ട് വീണ്ടും ആക്ടീവായിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ മുതലാണ് 274 മില്ല്യൺ ഫോളോവേഴ്സുള്ള കോഹ്ലിയുടെ ഇന്സ്റ്റഗ്രാം ഹാൻഡിൽ അപ്രത്യക്ഷമായത്. സംഭവമറിഞ്ഞവരെല്ലാം @virat.kohli എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ടിനായി ശ്രമിച്ചെങ്കിലും പേജ് ലഭ്യമല്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു.
താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ കോഹ്ലി സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭിക്കാതിരുന്നതോടെ ആരാധകരും ആശങ്കയിലായി. പെട്ടെന്നുണ്ടായ സംഭവം ആരാധകരെയെല്ലാം ആശങ്കയിലും ഭീതിയിലുമാഴ്ത്തിയെന്നാണ് എന്ഡിടിവി ഉള്പ്പെടെയുള്ള ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. കോഹ്ലി എവിടെ പോയെന്നും എന്തുസംഭവിച്ചെന്നും അറിയാൻ ആരാധകർ താരത്തിന്റെ ജീവിതപങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയുടെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലേക്ക് എത്തിയെങ്കിലും അനുഷ്കയും പ്രതികരിക്കാൻ തയ്യാറായില്ല.
വിരാട് കോഹ്ലിയുടെ സഹോദരൻ വികാസ് കോഹ്ലിയുടെ അക്കൗണ്ടും സമാനമായ രീതിയിൽ അപ്രത്യക്ഷമായിരുന്നു. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയില് തകർപ്പൻ സെഞ്ച്വറി നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയ കോഹ്ലി മികച്ച ഫോമിലാണിപ്പോള്. ഏകദിന പരമ്പരക്ക് ശേഷം അനുഷ്കക്കൊപ്പം ലണ്ടനിലാണ് ഇപ്പോൾ കോഹ്ലിയുള്ളത്.
Content Highlights: Virat Kohli's Instagram account became active again after mysteriously disappearing overnight, sparking curiosity among fans