രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് മത്സരത്തില് ഗോവയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ഗോവയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ 355 റൺസ് പിന്തുടരുന്ന കേരളം 36 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയിട്ടുണ്ട്. രോഹൻ കുന്നുമ്മൽ 101 റൺസുമായും സച്ചിൻ ബേബി 16 റൺസുമായും ക്രീസിലുണ്ട്. 32 റൺസെടുത്ത അഭിഷേക് ജെ നായരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗോവ 110 . 4 ഓവറിൽ 355 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്നലെ ആദ്യ ദിനം കളി നിര്ത്തുമ്പോള് എട്ട് വിക്കറ്റ് നഷ്ടത്തില് 279 റണ്സ് എന്ന നിലയിലായിരുന്നു ഗോവ. ഇന്ന് 74 റൺസ് കൂടെ കൂട്ടിച്ചേർത്തു.
86 റണ്സെടുത്ത ഓപ്പണര് സുയാഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്കോറര്. യാഷ് കസ്വങ്കര് അര്ധസെഞ്ചുറി(50) നേടി. സമർ ദുബാഷിയും അർധ സെഞ്ച്വറി (55) നേടി. അർജുൻ ടെണ്ടുൽക്കർ (36 ), സ്നേഹാല് കൗതാങ്കർ (29 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി അങ്കിത് ശര്മ 88 റണ്സ് വഴങ്ങി 5 വിക്കറ്റെടുത്തു.
എലൈറ്റ് എ ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയുമായി 16 പോയിന്റുള്ള കേരളം മൂന്നാമതാണ്. 16 പോയിന്റുള്ള മധ്യപ്രദേശ് രണ്ടാമതും 20 പോയിന്റുള്ള കർണാടക ഒന്നാമതുമാണ്.
കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ ഇതിനകം തന്നെ അസ്തമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റണ്ണറപ്പർ കൂടിയായിരുന്നു കേരളം.
Content Highlights: Rohan Kunnummal scores century; Kerala gets off to a good start in Ranji Trophy against Goa