ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഒന്നാം ടി20 വിജയിച്ച പാക് ടീമിനെ പുകഴ്ത്തിയ പാകിസ്താൻ പ്രധാനമന്ത്രിയെ പരിഹസിച്ച് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. ലാഹോറിൽ നടന്ന പാകിസ്താൻ - ഓസ്ട്രേലിയ ടി20 മത്സരത്തിൽ ഓസീസിനെ 22 റൺസിന് തോൽപ്പിച്ചിരുന്നു. അതിന് പിന്നാലെ പാക് പ്രധാനമന്ത്രി നടത്തിയ പുകഴ്ത്തലിൽ വലിയ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ലോകകപ്പ് നേട്ടങ്ങളിലും, വമ്പൻ വിജയങ്ങളിലും ക്രിക്കറ്റ് ടീമുകളെ അതാത് രാജ്യങ്ങളിലെ ഭരണാധികാരികൾ അഭിനന്ദിക്കാറുണ്ടെന്ന് ചിലർ പറഞ്ഞു വയ്ക്കുന്നു.
ആവേശമേറ്റുന്ന വിജയമാണ് പാകിസ്താന്റെത് എന്നതായിരുന്നു ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നത്. പ്രധാനമന്ത്രിക്ക് പുറമെ പിസിബി തലവൻ മൊഹ്സിൻ നഖ്വിയും പാക് ടീമിനെ അഭിനന്ദിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയയുടെ ബി ടീമിനെ പരാജയപ്പെടുത്തിയതിനാണ് ഇത്രത്തോളം ബിൽഡ് അപ്പെന്നാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്രയുടെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.
'എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു, ഇത് ഓസ്ട്രേലിയയുടെ ബി ടീമിനെതിരായ ഒരു മത്സരം മാത്രമാണ്. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന താരങ്ങളാരും തന്നെ ടീമിൽ ഉണ്ടായിരുന്നില്ല.' ഷഹബാസ് ഷെരീഫിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ആകാശ് ചോപ്ര പ്രതികരിച്ചു.
ലാഹോറിൽ നടന്ന ആദ്യ ട്വന്റി20 യിൽ 22 റൺസിനായിരുന്നു ഓസീസിനെ പാകിസ്താൻ പരാജയപ്പെടുത്തിയത്. 2650 ദിവസങ്ങളുടെ നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള പാകിസ്താന്റെ ഈ ജയം.
Content highlight: Pakistan finally wins against Australia after 2650 days of waiting