എന്ത് ബഹിഷ്കരണം... ലോകകപ്പിനായി കൊളംബോയിലേക്ക് ടിക്കറ്റെടുത്ത് പാകിസ്താൻ

ടി20 ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് ബഹിഷ്‌കരണമടക്കമുള്ള നാടകീയ നീക്കങ്ങളിൽ നിന്ന് ഉൾവലിഞ്ഞ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെന്‍റിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് പാകിസ്താൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ബംഗ്ലാദേശിന് പിന്തുണ നൽകുക എന്നതായിരുന്നു ബഹിഷ്കരണ ഭീഷണിയിലൂടെയുള്ള പാക് നീക്കം. ലോകകപ്പ് പൂർണ്ണമായി ബഹിഷ്കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും ഇന്ത്യയ്ക്കെതിരെ മത്സരത്തിനിറങ്ങിയാൽ കറുത്ത ആം ബാന്‍ഡ് ധരിക്കുമെന്നുമെല്ലാമായിരുന്നു പാകിസ്താന്റെ ആ ഭീഷണി.

എന്നാൽ ലോകകപ്പില്‍ പങ്കെടുക്കാനായി പാകിസ്താൻ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവില്‍ ലാഹോറിൽ നടക്കുന്ന ടി20 പരമ്പരയ്‌ക്കായി പാകിസ്താനിലെത്തിയ ഓസ്ട്രേലിയയ്ക്കൊപ്പമാണ് പാക് ടീം ശ്രീലങ്കയിലേക്ക് വിമാനം കയറുന്നത്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ നീക്കം ഉപേക്ഷിക്കാൻ തീരുമാനമായത്.

ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം നിലനിർത്തുമ്പോഴും ടൂർണമെന്‍റ് ബഹിഷ്‌കരിക്കുന്നത് ഐസിസിയിൽ നിന്ന് ലഭിക്കുന്ന ഫണ്ടും പാക് ടീമിന്‍റെ അന്താരാഷ്ട്ര പദവിയും നഷ്ടമാകാന്‍ ഇടയാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ചയില്‍ മുന്നറിയിപ്പ് നൽകി. ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ഏകദേശം 320 കോടിയുടെ നഷ്ടപരിഹാര കേസ് പാകിസ്താൻ നേരിടേണ്ടി വരുമെന്നതാണ് വിവരം. ഇതോടെയാണ് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭയന്ന് ടൂർണമെന്‍റിൽ പങ്കെടുക്കാൻ പാക് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചത്.

പാകിസ്താൻ പ്രസിഡന്‍റ് ആസിഫ് സർദാരി, സൈനിക നേതൃത്വം, മുൻ പിസിബി ചെയർമാന്മാരായ നജാം സേത്തി, റമീസ് രാജ എന്നിവരും ടീമിനെ മത്സരങ്ങൾക്കായി അയക്കണമെന്ന നിലപാടാണ് എടുത്തിട്ടിരുന്നത്. ഇതും പിസിബിയുടെ നിലപാട് മയപ്പെടാന്‍ കാരണമായെന്നാണ് സൂചന. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെയുള്ള അയാൾപ്പോരിലും പാകിസ്താൻ കളിക്കളത്തിൽ ഇറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പില്‍ കളിക്കുമോ ഇല്ലയോ എന്നുള്ളതിലെ അന്തിമ തീരുമാനം വരുന്ന വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഔദ്യോഗികമായി പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തിലും അന്ന് തീരുമാനമുണ്ടാകും.

Content highlights: Pakistan Cricket Board backs down from threat to boycott T20 World Cup; Here's why

To advertise here,contact us