'സഞ്ജു വെറുതെയല്ല ബൗൾഡായത്'; ബാറ്റിങ്ങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗവാസ്കർ

പരമ്പരയിൽ തുടർച്ചയായ നാലാം തവണയാണ് സഞ്ജു ഓപ്പണിങ്ങിൽ പരാജയപ്പെടുന്നത്

ന്യൂസിലാന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ‌. വിശാഖപട്ടണത്തെ ടി20യിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് 15 പന്തില്‍ 24 റണ്‍സുമായി അവസാനിക്കുകയായിരുന്നു. മിച്ചല്‍ സാന്റ്നറുടെ പന്തില്‍ സഞ്ജു ബൗള്‍ഡ് ആകുകയായിരുന്നു. പരമ്പരയിലുടനീളം സഞ്ജുവിന്റെ മോശം ഫോം ആരാധകരെ നിരാശയിലും ആശങ്കയിലും ആഴ്ത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ മത്സരത്തിൽ സ‍ഞ്ജുവിന്റെ ബാറ്റിങ്ങിലെ പിഴവുകളെ ചൂണ്ടിക്കാണിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ‌ ​ഗവാസ്കർ. സഞ്ജുവിന്റെ ഫൂട്ട് വർക്കിനെയാണ് ​ഗവാസ്കർ അതിരൂക്ഷമായി വിമർശിച്ചത്. കമന്ററിക്കിടെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് ടെക്‌നിക്കിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.

'സഞ്ജുവിന് യാതൊരു ഫൂട്ട് വർക്കും ഇല്ലെന്നാണ് എനിക്ക് ആദ്യമേ തോന്നിയത്. സ്പിന്നര്‍മാര്‍ക്കെതിരേ ഈ തരത്തില്‍ ബാക്ക് ഫൂട്ടിലേക്കിറങ്ങി വിക്കറ്റുകള്‍ സംരക്ഷിക്കാതെ ഒരിക്കലും കളിക്കാന്‍ പാടില്ല. ഇങ്ങനെ സംഭവിക്കുമ്പോൾ സ്പിന്നർമാർക്കെതിരെ ബൗൾഡാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്', ​ഗവാസ്കർ ചൂണ്ടിക്കാട്ടി.

'സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജു ക്രീസില്‍ നിന്ന് അനങ്ങുന്നുണ്ടായിരുന്നില്ല. ഇന്നലെ പന്ത് തിരിയുന്നുണ്ടോ എന്ന് പോലും സഞ്ജുവിന് ഉറപ്പില്ലായിരുന്നു. കാലുകൾ അനക്കാതെ ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഷോട്ടിന് ശ്രമിക്കുമ്പോൾ വിക്കറ്റ് ബോളർക്ക് മുന്നിൽ തുറന്നുകൊടുക്കുകയാണ്. പന്ത് മിസ്സ് ചെയ്താൽ അത് വിക്കറ്റിൽ കൊള്ളുമെന്ന് ഉറപ്പാണ്', ​ഗവാസ്കർ കൂട്ടിച്ചേർത്തു.

🚨SUNIL GAVASKAR EXPOSES SANJU SAMSON🚨Sunil Gavaskar 🗣- My first impression on Sanju Samson is that there was no footwork at all, Not very sure whether there was any turn. He was just standing there making room and playing through the offside. He was exposing all three… pic.twitter.com/2RHsO5MQ9R

പരമ്പരയിൽ തുടർച്ചയായ നാലാം തവണയാണ് സഞ്ജു ഓപ്പണിങ്ങിൽ പരാജയപ്പെടുന്നത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ പത്തും രണ്ടാം മത്സരത്തില്‍ ആറും റണ്‍സെടുത്ത സഞ്ജു മൂന്നാം മത്സരത്തില്‍ ഗോൾഡന്‍ ഡക്കായിരുന്നു. ഗവാസ്കർ ചൂണ്ടിക്കാട്ടിയതുപോലെ ബാറ്റിംഗിലെ സാങ്കേതികമായ പിഴവുകൾ തിരുത്തിയില്ലെങ്കിൽ ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ സഞ്ജുവിന്റെ സ്ഥാനം അപകടത്തിലാകും.

Content Highlights: ​IND vs NZ: Sunil Gavaskar Slams Sanju Samson Over Dismissal In 4th T20

To advertise here,contact us