'എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല!'; ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുന്നതിനെ കുറിച്ച് സര്‍ഫറാസ്‌

ഐപിഎല്‍ 2026 ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയതിനെ കുറിച്ചും സര്‍ഫറാസ് തുറന്നുപറഞ്ഞു

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുമ്പോഴും ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുന്നതിനെ കുറിച്ച് വെടിക്കെട്ട് ബാറ്റർ സർഫറാസ് ഖാൻ. കഴിഞ്ഞുപോയതിനെ നിയന്ത്രിക്കാന്‍ തനിക്കാകില്ലെന്നും ഇപ്പോഴത്തെയും മുന്നിലുള്ളതുമായ മത്സരങ്ങളിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നും സര്‍ഫറാസ് പറയുന്നു.

'ഞാൻ എപ്പോഴും വർത്തമാനകാലത്ത് ജീവിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളിൽ എനിക്ക് ഒന്നും ചെയ്യാനില്ല. നാളെ എന്ത് സംഭവിക്കുമെന്നും എനിക്ക് അറിയില്ല. 'എനിക്ക് ആകെ അറിയാവുന്നത് വീട്ടില്‍ പോയി ബാറ്റുചെയ്യും, അച്ഛനൊപ്പം അല്‍പ്പസമയം ചെലവഴിക്കും, ഹോട്ടലില്‍ പോയി കിടന്നുറങ്ങു, നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ കളിക്കും. ഭാവിയെകുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. വര്‍ഷങ്ങളായി ഞാന്‍ എന്താണോ ചെയ്യുന്നത് അതുതന്നെ ചെയ്യുന്നത് തുടരും', സർഫറാസ് പറഞ്ഞു.

നിലവിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് സർഫറാസ് ആഗ്രഹിക്കുന്നത്. ഇതിനായി തന്‍റെ വൈറ്റ് ബോൾ ഗെയിമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് സര്‍ഫറാസ് വ്യക്തമാക്കി. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ ഇരട്ട സെഞ്ചുറി നേടി തകർപ്പൻ ഫോമിലാണ് താരം ഇപ്പോൾ.

ഐപിഎല്‍ 2026 ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയതിനെ കുറിച്ചും സര്‍ഫറാസ് തുറന്നുപറഞ്ഞു. ഇന്ത്യയുടെ ഇതിഹാസതാരം എം എസ് ധോണി ഉൾപ്പടെയുള്ള ചെന്നൈ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്ന് താരം പറഞ്ഞു. 'വിരാട് ഭായിക്കൊപ്പം ആര്‍സിബിയിലും രോഹിത്തിനൊപ്പം ഇന്ത്യന്‍ ടീമിലും കളിക്കാന്‍ സാധിച്ചു. ധോണി ഭായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതുകാരണം ഒപ്പം കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ചെന്നൈ തിരഞ്ഞെടുത്തതോടെ ആ സ്വപ്നവും യാഥാര്‍ഥ്യമാവുകയാണ്', സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: 'can't do anything'; Sarfaraz Khan breaks silence on repeated India snub

To advertise here,contact us