ക്രിക്കറ്റ് കരിയർ മതിയാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്. കരിയർ ഒരു ഭാരമായി മാറിയ ഘട്ടത്തിലാണ് താൻ വിരമിക്കലിനെ കുറിച്ചുള്ള തീരുമാനമെടുത്തതെന്നും ആ സമയത്ത് പിന്തുണയും ബഹുമാനവും തനിക്ക് ലഭിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു. ഇന്ത്യന് ടെന്നീസ് താരം സാനിയ മിര്സയുടെ യൂട്യൂബ് ചാനലായ 'സെർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ'യില് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ മുൻ താരം മനസുതുറന്നത്.
2011ലെ ഏകദിന ലോകകപ്പിനുപിന്നാലെ അർബുദബാധിതനാണെന്നു വെളിപ്പെടുത്തിയ യുവി, കരിയറിൽനിന്ന് ഇടവേളയെടുത്തു. തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനായ താരം രോഗത്തെ കീഴ്പ്പെടുത്തി. ഇതിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയെങ്കിലും ഒന്നും പഴയതു പോലെയായില്ല. 2012നും 2017നും ഇടയിൽ പലപ്പോഴും യുവരാജ് ടീമിനകത്തും പുറത്തുമായി തുടർന്നു. ടീമിൽ സ്ഥിരമായി സ്ഥാനമുറപ്പിക്കാൻ താരത്തിനു സാധിച്ചില്ല. 2017ൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 2019ലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇപ്പോൾ തന്റെ കരിയറിൽ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവി. ‘എന്റെ കരിയർ ഭാരമായി മാറിയിരിക്കുന്നുവെന്ന് തോന്നിയ ഒരു ഘട്ടത്തിലേക്ക് ഞാൻ എത്തുകയായിരുന്നു. എനിക്ക് ആസ്വദിക്കാൻ കഴിയാത്തപ്പോൾ ഞാൻ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്? എന്നൊരു തോന്നലുമുണ്ടായി. എനിക്ക് പിന്തുണയും ബഹുമാനവും ലഭിക്കുന്നതായി തോന്നിയില്ല. ഇതൊന്നും കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ ഇത് ചെയ്യുന്നതെന്നും എനിക്ക് തോന്നി’, യുവരാജ് തുറന്നുപറഞ്ഞു.
Content Highlights: ‘became a burden, wasn’t feeling respected’, Yuvraj Singh makes Shocking revelations about his retirement from Cricket