ചരിത്രം കുറിച്ച് ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ജോസ് ബട്ലര്. ഇംഗ്ലണ്ട് ടീമിന് വേണ്ടി 400 അന്താരാഷ്ട്ര മത്സരങ്ങളില് കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് താരമെന്ന നേട്ടമാണ് ജോസ് ബട്ലര് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് താരം റെക്കോർഡ് കുറിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല് മത്സരങ്ങള് കളിച്ച താരങ്ങളുടെ പട്ടികയില് 401 മത്സരങ്ങള് കളിച്ച ഇതിഹാസ പേസര് ജെയിംസ് ആന്ഡേഴ്സണിന് തൊട്ടുപിന്നിലാണ് ഇപ്പോൾ ബട്ലര്. ജോ റൂട്ട്, ബെന് സ്റ്റോക്സ് തുടങ്ങിയ താരങ്ങള്ക്ക് സാധിക്കാത്ത നേട്ടമാണ് ബട്ലര് സ്വന്തമാക്കിയത്.
ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോര്മാറ്റുകളിലുമായി 400 മത്സരങ്ങളില് നിന്ന് 14 സെഞ്ച്വറികള് ഉള്പ്പെടെ 12,291 റണ്സാണ് ബട്ട്ലര് നേടിയിട്ടുള്ളത്. 57 ടെസ്റ്റ് മത്സരങ്ങളില് നിന്ന് 31.94 ശരാശരിയില് 2,907 റണ്സും, 198 ഏകദിനങ്ങളില് 39.11 ശരാശരിയില് 5,515 റണ്സും, 144 ടി20 മത്സരങ്ങളില് 35.49 ശരാശരിയില് 3,869 റണ്സുമാണ് ബട്ട്ലര് നേടിയിട്ടുള്ളത്. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പില് ഇംഗ്ലണ്ടിന്റെ പ്രധാനതാരങ്ങളില് ഒരാള് കൂടിയാണ് ബട്ട്ലര്.
Content Highlights: SL Vs ENG: Jos Buttler becomes second England player to play 400 international games