ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനമാണ് ഇന്ത്യൻ താരങ്ങൾക്ക് നേട്ടമുണ്ടാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര് യാദവ്, ഇഷാൻ കിഷൻ എന്നിവര് റാങ്കിങ്ങിൽ മുന്നേറിയപ്പോള് പരമ്പരയിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് കനത്ത തിരിച്ചടി.
ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങില് ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ യുവഓപ്പണർ അഭിഷേക് ശര്മ തന്റെ ലീഡുയര്ത്തി. ന്യൂസിലാന്ഡിനെതിരെ രണ്ട് അര്ധസെഞ്ച്വറികള് നേടിയ അഭിഷേക് 929 റേറ്റിംഗ് പോയന്റുമായാണ് ഒന്നാം സ്ഥാനത്ത് ലീഡുയര്ത്തിയത്.
പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറികൾ നേടി ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ സൂര്യകുമാര് യാദവ് റാങ്കിങ്ങിൽ വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. താരം ടോപ് 10ൽ തിരിച്ചെത്തി. പുതിയ റാങ്കിംഗില് അഞ്ച് സ്ഥാനം ഉയര്ന്ന സൂര്യകുമാർ ഏഴാം സ്ഥാനത്താണ് നിലവിലുള്ളത്.
അതേസമയം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണ് ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ വലിയ തിരിച്ചടിയാണ് സംഭവിച്ചത്. താരം ഒൻപത് സ്ഥാനം നഷ്ടമാക്കി 51-ാം സ്ഥാനത്തേക്ക് വീണു. ന്യൂസിലാന്ഡിനെതിരായ ആദ്യ ടി20 മത്സരത്തില് പത്തും രണ്ടാം മത്സരത്തില് ആറും റണ്സെടുത്ത സഞ്ജു മൂന്നാം മത്സരത്തില് ഗോൾഡന് ഡക്കായിരുന്നു. അതേസമയം ഇഷാൻ കിഷൻ 64-ാം റാങ്കോടെ ടി20 റാങ്കിംഗ് പട്ടികയിൽ തിരിച്ചെത്തുകയും ചെയ്തു.
Content Highlights: Sanju Samson suffers setback in T20 rankings While Suryakumar Yadav makes huge leap