'കിവീസിനെതിരെയുള്ള ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജു സാംസണെ കളിപ്പിക്കണം, അതിന് ശേഷം മാത്രമേ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് ഒരു തീരുമാനത്തില് എത്താവൂ', തുടർച്ചയായി ആരാധകരെ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിന് പിന്തുണയുമായി ഇന്ത്യന് മുന് താരം മുഹമ്മദ് കൈഫ് രംഗത്ത്. നിലവിൽ പരമ്പരയിലെ മൂന്ന് മത്സരങ്ങളില് നിന്ന് 16 റണ്സ് മാത്രമാണ് സഞ്ജുവിന് അടിച്ചെടുക്കാനായത്. അതില് അവസാന മത്സരത്തില് നേരിട്ട ആദ്യ പന്തില് തന്നെ താരം പുറത്തുമായിരുന്നു. സഞ്ജുവിന്റെ പകരക്കാരനായി ഇഷാന് കിഷനെ ഓപ്പണറായി കളിപ്പിക്കണമെന്ന വാദങ്ങള്ക്കിടയിൽ, സഞ്ജുവിനെ പിന്തുണയ്ക്കണമെന്നാണ് കൈഫിന്റെ പക്ഷം.
ആരാധകരുടേയും ഒപ്പം മാധ്യമങ്ങളുടേയും പിന്തുണ പ്രധാനമാണെന്നും കൈഫ് വ്യക്തമാക്കി. 'ഇഷാന് കിഷന് തിരിച്ചെത്തിയതോടെ സഞ്ജുവിനെ മാറ്റണമെന്ന് ആളുകള് പറയുന്നുണ്ട്. എന്നാല്, അതിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്പ് സഞ്ജുവിന് കുറച്ച് അവസങ്ങൾ കൂടി നല്കണമെന്നാണ് എനിക്ക് തോന്നുന്നത്' ഇതായിരുന്നു കൈഫിന്റെ വാക്കുകൾ. സഞ്ജു വളരെ മികച്ചൊരു കളിക്കാരനാണെന്നും, ഈ ഘട്ടത്തില് താരത്തിന് പിന്തുണയാണ് ആവശ്യമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
നിലവിൽ ഇന്ത്യ 3 - 0ന് പരമ്പര കൈപ്പിടിയിലാക്കി. ഇത് സഞ്ജുവിന് സമ്മര്ദ്ദമില്ലാതെ കളിക്കാന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. സ്ഥിരമായി അവസരങ്ങള് ലഭിക്കാത്തത് ഒരു ബാറ്ററെ സമ്മര്ദ്ദത്തിലാക്കുമെന്നും, തുടര്ച്ചയായി അഞ്ച് ഇന്നിംഗ്സുകളെങ്കിലും സഞ്ജുവിന് നല്കണമെന്നുമാണ് കൈഫിന്റെ അഭിപ്രായം. t20 ലോകകപ്പിൽ തന്റെ സ്ഥാനമുറപ്പിക്കാൻ പരമ്പരയിൽ ഇനിയുള്ള രണ്ട് മത്സരങ്ങൾ സഞ്ജുവിന് അതിനിർണായകമാണ്.
Content highlight: Former Indian player Mohammad Kaif supports Sanju, who has been consistently disappointing