ലോകകപ്പിന് മുന്നെയുള്ള ന്യൂസിലാന്ഡിനെതിരെയുള്ള അവസാന പരമ്പരയില് ഇന്ത്യന് ടീം പരീക്ഷണങ്ങള് നടത്തുന്നതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന് താരം അജിങ്ക്യ രഹാനെ.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. തിലക് വര്മയ്ക്ക് പകരം ഇഷാന് കിഷന് വന്നത് പരിക്കിനെ തുടര്ന്നായിരുന്നു. ജസ്പ്രിത് ബുംറ വരുണ് ചക്രവര്ത്തി, അര്ഷ്ദീപ് സിങ് തുടങ്ങിയ മുന്നിര താരങ്ങള്ക്ക് വിശ്രമം നല്കിയത് ചര്ച്ചയാവുകയാണ്.
'അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പര കഴിയുമ്പോഴേക്കും നിങ്ങളുടെ ലോകകപ്പ് ഇലവന് സജ്ജമായിരിക്കണം. വരുണ് ചക്രവര്ത്തിയെപ്പോലൊരു പ്രധാന ബൗളറെ പുറത്തിരുത്തുന്നത് ശരിയല്ല.
ലോകകപ്പിന് തൊട്ടുമുമ്പ് പ്രധാന താരങ്ങള്ക്ക് ആ താളം നഷ്ടപ്പെടുന്നത് ഗുണകരമല്ല. വരുണ് എല്ലാ മത്സരങ്ങളും കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം,' രഹാനെ പറഞ്ഞു.
ഇന്ന് നടക്കുന്ന നാലാം മത്സരത്തിലും ഇന്ത്യന് നിരയില് മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം സഞ്ജു സാംസണ് ഈ മത്സരത്തില് തിളങ്ങേണ്ടത് നിര്ണായകമാണ്.
മിന്നും ഫോമിലുള്ള ഓപ്പണിങ് ബാറ്റര് അഭിഷേക് ശര്മയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ഇഷാന് കിഷനും ക്യാപ്റ്റന് സൂര്യകുമാര് യാദവു മികച്ച ഫോമിലാണ്. ഫിനിഷിങ് ലൈനില് ഹാര്ദിക്ക് പാണ്ഡ്യയും റിങ്കു സിങ്ങും ചേരുമ്പോള് ബാറ്റിങ് അതിശക്തമാകുന്നു.
ബൗളിങ്ങില് ജസ്പ്രീത് ബുംറക്കും രവി ബിഷ്ണോയ്ക്കും പകരം അര്ഷ്ദീപ് സിങ്ങും വരുണ് ചക്രവര്ത്തിയും ഇലവനിലെത്തിയേക്കും. പരമ്പയിലെ ആദ്യ ജയം തേടുന്ന കിവീസിന് യിംസ് നീഷവും ലോക്കി ഫെര്ഗ്യൂസനും തിരിച്ചെത്തുന്നത് കരുത്താവും. ഇതോടെ കയ്ല് ജമേഴ്സണും ജേക്കബ് ഡഫിയും പുറത്തിരിക്കേണ്ടിവരും.
Content Highlights- Ajinkya Rahane Slams Indian cricket team's Experiment Culture