'സ്ഥിരതയില്ല, ടീമിൽ നിന്ന് പുറത്താവും'; സഞ്ജുവിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

'ഇഷാൻ കിഷനെ ഇനി ഒഴിവാക്കാൻ കാരണങ്ങളൊന്നുമില്ല'

ന്യൂസിലന്റിനെതിരായ ടി20 പരമ്പരയിൽ മോശം ഫോം തുടരുന്ന സഞ്ജു സാംസനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും മുഖ്യസെലക്ടറുമായിരുന്ന ക്രിഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിന് സ്ഥിരതയില്ലെന്നും ആ സ്ലോട്ടിൽ ഇഷാൻ കിഷൻ വരട്ടെയെന്നും ശ്രീകാന്ത് പറഞ്ഞു. കിവീസിനെതിരായ ആദ്യ മത്സരത്തിൽ 10 റൺസായിരുന്നു സഞ്ജുവിന്റെ സംഭാവന, തൊട്ടടുത്ത മത്സരത്തിൽ ആറ്. മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്കായി താരം കളംവിട്ടു.

'സഞ്ജു നിർഭാഗ്യവനാണ്. ഇഷാൻ കിഷനെ ഇനി ഒഴിവാക്കാൻ കാരണങ്ങളൊന്നുമില്ല. തിലക് വർമ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് മാറിക്കൊടുക്കേണ്ടി വരും. ഇഷാൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ കൂടെയാണെന്ന കാര്യം മറന്ന് പോവരുത്- ശ്രീകാന്ത് പറഞ്ഞു.

സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രശ്‌നം. സഞ്ജു ഒരു സെഞ്ച്വറി നേടിയാൽ അടുത്ത മത്സരങ്ങളിൽ ഫോം ഔട്ടായിരിക്കും. കഴിഞ്ഞ ഒന്നര വർഷത്തെ പ്രകടനങ്ങൾ എടുത്ത് നോക്കിയാൽ പോലും സഞ്ജുവിന്റെ ഗ്രാഫ് ഉയർന്നും താഴ്ന്നും ഇരിക്കുന്നത് കാണാം. ദക്ഷിണാഫ്രിക്കക്ക് എതിരെ സെഞ്ച്വറി നേടിയിട്ട് ഒന്നര വർഷത്തിലേറെയായന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ മികച്ച ഫോമിലാണ് കിവീസ് സീരീസിൽ ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. രണ്ടാം ടി20 യിൽ ഓപ്പണർമാർ വീണതിന് ശേഷം തകർപ്പൻ അർധ സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കിഷൻ മൂന്നാം ടി20 യിലും തകർത്തടിച്ചിരുന്നു.

To advertise here,contact us