'എന്തിന് അഭിഷേക് ശർമയെ അനുകരിക്കുന്നു?'; സഞ്ജുവിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് മുൻ ഇന്ത്യൻ ബാറ്റർ

ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും പിന്നാലെ ഇപ്പോൾ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്തതായി. ആദ്യ മത്സരത്തിൽ പത്ത് റൺസും, രണ്ടാം മത്സരത്തിൽ ആറ് റൺസും, മൂന്നാം മത്സരത്തിൽ പൂജ്യവുമായിരുന്നു സഞ്ജുവിന്റെ സ്കോർബോർഡ്.

ഈ മോശം പ്രകടനത്തിൽ ഇപ്പോൾ സഞ്ജുവിന് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മയെ എന്തിനാണ് അനുകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ചോദ്യമുയർത്തിയ രഹാനെ, സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണമെന്ന നിർദ്ദേശവും മുന്നോട്ടു വച്ചു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് അടിച്ചെടുക്കാനായത്. അതിൽ അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഓപ്പണറായി കളത്തിലിറങ്ങിയ അവസാന ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 104 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മയാണെങ്കിൽ വെറും 14 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോമിലും. ഈ സാഹചര്യത്തിലാണ് രഹാനെ രംഗത്തെത്തിയത്.

'സഞ്ജുവിനോട് നീ ലോകകപ്പിലുണ്ടാകുമെന്ന് മാനേജ്‌മെന്റ് ഉറപ്പിച്ച് പറയണം, കൃത്യമായ ആത്മവിശ്വാസം നൽകണം, മറുവശത്ത് അഭിഷേക് തകർത്താടുമ്പോൾ തനിക്കും വേഗത്തില്‍ റണ്‍സ് കണ്ടെത്തണമെന്ന സമ്മര്‍ദ്ദം സഞ്ജുവിനുണ്ടാകാം' രഹാനെ പറഞ്ഞു. ഇവിടെ മാനേജ്മെന്റിന്റെ കൃത്യമായ ഇടപെടലാണ് വേണ്ടതെന്നും, സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കാന്‍ സഞ്ജുവിനെ അനുവദിക്കനാമെന്നും രഹാനെ കൂട്ടിച്ചേർത്തു.

മാനേജ്മെന്റിനോട് ആവശ്യങ്ങൾ പറഞ്ഞ രഹാനെ, സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. 'ആദ്യ ഒന്നോ രണ്ടോ ഓവറുകള്‍ അതിജീവിച്ച് ക്രീസില്‍ സമയം ചെലവഴിക്കണം, വലിയ സ്‌കോറുകള്‍ക്ക് പകരം താളം കണ്ടെത്തണം, രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിരുന്ന രീതിയില്‍ ബാറ്റ് വീശി ആത്മവിശ്വാസം വീണ്ടെടുക്കാണം' ഇങ്ങനെ നീളുന്നു ആ നിർദ്ദേശങ്ങൾ. ആദ്യ മത്സരത്തിൽ നിറം മങ്ങിയ ഇഷാന്‍ കിഷന്‍ തന്റെ മികച്ച ഫോം വീണ്ടെടുത്ത സാഹചര്യത്തിൽ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് ഇനിയുള്ള മത്സരങ്ങള്‍ അതിനിര്‍ണ്ണായകമാണ്.

Content highlight: 'Why are you imitating Abhishek Sharma?'; Former Indian player gives advice to Sanju

To advertise here,contact us