പാകിസ്താന്റെ ഭീഷണി വേണ്ട! ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് ICC

ബം​ഗ്ലാ​ദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ‌ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാകിസ്താൻ ആലോചിക്കുന്നുണ്ടെന്നും മൊഹ്സിൻ നഖ്‌വി വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നറിയിപ്പുമായി ഐസിസി. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിബി ചെയര്‍മാന്‍ മൊഹ്സിൻ നഖ്‌വി രം​ഗത്തെത്തിയിരുന്നു. ബം​ഗ്ലാ​ദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ‌ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാകിസ്താൻ ആലോചിക്കുന്നുണ്ടെന്നും മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പരസ്യമായി പിന്തുണച്ചും ഐസിസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും രംഗത്തെത്തിയ നഖ്‌വിയുടെ പ്രസ്താവനകളാണ് ഐസിസിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് പിന്നാലെ പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിച്ചാൽ കടുത്ത നടപടികൾ പാകിസ്താനെ തേടിയെത്തുമെന്നാണ് ഐസിസിയുടെ മുന്നറിയിപ്പ്. പാക് ക്രിക്കറ്റിനെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയത്.

പാകിസ്താൻ ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ ആഗോള ക്രിക്കറ്റില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയെന്ന കടുത്ത നടപടിക്ക് ഐസിസി മുതിര്‍ന്നേക്കും. പാകിസ്താന്റെ ഉഭയകക്ഷി പരമ്പരകൾക്ക് വിലക്ക് ഏർപ്പെടുത്തും. അതായത് മറ്റ് രാജ്യങ്ങളുമായി പാകിസ്താൻ നടത്തുന്ന എല്ലാ മത്സരങ്ങളും സസ്പെൻഡ് ചെയ്യും. ഏഷ്യാ കപ്പിൽ നിന്ന് പുറത്താക്കുകയും പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എല്‍) കളിക്കാൻ വിദേശ താരങ്ങൾക്ക് മറ്റ് ബോർഡുകൾ എൻഒസി നൽകുന്നത് തടയുകയും ചെയ്യുമെന്നാണ് ഐസിസിയുടെ മുന്നറിയിപ്പ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ രണ്ട് ടീമും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ നൂട്രൽ വേദിയായ കൊളംബോയിലാണ് നടക്കുന്നത്. എന്നിട്ടും ബം​ഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്താൻ ഇത്തവണ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഇപ്പോഴും സജീവമായി ആലോചിക്കുന്നുണ്ടെന്നാണ് നഖ്‌വി പറഞ്ഞത്. പാകിസ്താൻ പ്രധാന മന്ത്രി നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് നഖ്‌വി പറഞ്ഞത്.

പാകിസ്താനും ലോകകപ്പ് ബഹിഷ്കരിക്കുമോയെന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടിയാണ് നഖ്‌വി നൽകിയത്. പാകിസ്താൻ പിന്മാറാൻ തീരുമാനിച്ചാൽ മറ്റൊരു ടീമിനെ ഉൾപ്പെടുത്തി ഐസിസിക്ക് ടൂർണമെന്‍റ് നടത്താമെന്ന് നഖ്‌വി പരിഹസിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാകിസ്താൻ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content highlight: T20 World Cup 2026: ICC warns Pakistan with ‘sanctions’ if it follows Bangladesh’s lead

To advertise here,contact us