ടി20 ലോകകപ്പില് നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡ് ടി20 ലോകകപ്പില് കളിക്കുമെന്നും ഐസിസി വ്യക്തമാക്കി. ഇന്നലെ ദുബായില് ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ഇപ്പോഴിതാ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബംഗ്ലാദേശിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ഇരട്ടത്താപ്പ് പാടില്ലെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി പറഞ്ഞു. ആവശ്യമെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാകിസ്താൻ ആലോചിക്കുന്നുണ്ടെന്നും മൊഹ്സിൻ നഖ്വി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ രണ്ട് ടീമും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ നൂട്രൽ വേദിയായ കൊളംബോയിലാണ് നടക്കുന്നത്. എന്നിട്ടും ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്താൻ ഇത്തവണ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഇപ്പോഴും സജീവമായി ആലോചിക്കുന്നുണ്ടെന്നാണ് നഖ്വി പറഞ്ഞത്. പാകിസ്താൻ പ്രധാന മന്ത്രി നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് നഖ്വി പറഞ്ഞത്.
ലോകകപ്പിൽ ബംഗ്ലാദേശിനെ മാറ്റിനിർത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും നഖ്വി വ്യക്തമാക്കി. 'ബംഗ്ലാദേശിനോട് അനീതിയാണ് കാണിക്കുന്നത് എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പിന്റെ തുടക്കം മുതൽ കളിക്കേണ്ട ടീമാണ് ബംഗ്ലാദേശ്. ക്രിക്കറ്റിലെ തന്നെ വലിയൊരു ശക്തിയായ അവരോട് ഇത്തരം വിവേചനം കാണിക്കരുത്', നഖ്വി പറഞ്ഞു.
പാകിസ്താനും ലോകകപ്പ് ബഹിഷ്കരിക്കുമോയെന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടിയാണ് നഖ്വി നൽകിയത്. പാകിസ്താൻ പിന്മാറാൻ തീരുമാനിച്ചാൽ മറ്റൊരു ടീമിനെ ഉൾപ്പെടുത്തി ഐസിസിക്ക് ടൂർണമെന്റ് നടത്താമെന്ന് നഖ്വി പരിഹസിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാകിസ്താൻ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Pakistan plans T20 World Cup 2026 boycott after Bangladesh exit? Mohsin Naqvi reveals