ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര പുരോഗമിക്കവേ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനമാണ് ആരാധകർക്ക് ആശങ്കയാവുന്നത്. ആദ്യത്തെ രണ്ട് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജുവിന് ഇന്ന് നടക്കുന്ന മൂന്നാം ടി20യിൽ തിളങ്ങേണ്ടത് അനിവാര്യമാണ്. ഇന്നും ഫോം ആയില്ലെങ്കില് ടി20 ലോകകപ്പില് അന്തിമ ഇലവനില് എത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും.
വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന് കിഷന് മികച്ച ബാറ്റിങ് പുറത്തെടുത്തതിനാല് തിലക് വര്മ മടങ്ങി വരുമ്പോള് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ചോദ്യവും ഉയരുകയാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ ഫോമിലും ടീമിലെ സ്ഥാനത്തിലും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജു സമ്മര്ദത്തിലാണെന്നും ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല താരങ്ങളും പുറത്തിരിക്കുമ്പോള് സഞ്ജു തനിക്ക് ലഭിച്ച അവസരം മുതലെടുക്കണമെന്നും ശ്രീകാന്ത് യൂട്യൂബ് വീഡിയോയില് കൂട്ടിച്ചേര്ത്തു.
‘തിലക് വര്മ തിരിച്ചെത്തുമ്പോള് സഞ്ജു സാംസണ് പുറത്ത് പോകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സഞ്ജു സമ്മര്ദത്തിലാണ്. ക്രീസിൽ വളരെ നിരാശനായാണ് സഞ്ജുവിനെ കാണപ്പെടുന്നത്. എന്തിനാണ് ഇത്ര ധൃതി കാണിക്കുന്നത്? സിക്സര് അടിച്ചതിന് ശേഷം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് താളം കണ്ടെത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്, അവന് വലിയ ഷോട്ടിന് മുതിര്ന്നത് വലിയ അബദ്ധമാണ്. ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുക്കുന്നതും സഞ്ജുവിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സൂര്യകുമാര് യാദവിനെപ്പോലെ സമയം എടുത്ത് മികച്ച ഇന്നിങ്സ് കളിക്കാന് സഞ്ജു ശ്രമിക്കണം’, ശ്രീകാന്ത് പറഞ്ഞു.
അതേസമയം ഇന്ത്യ- ന്യൂസിലാന്ഡ് മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്കും. മറുഭാഗത്ത് പരമ്പരയില് തിരിച്ചെത്താനുള്ള ഒരുക്കങ്ങള് സജീവമാക്കുകയാണ് കിവികള്.
Content Highlights: IND vs NZ: When Tilak returns Does Sanju Samson go out? Asks Krishnamachari Srikkanth