'സഞ്ജുവിന്റെ ജീവിതത്തിലെ നിർണായക മത്സരം, ഇന്ന് തിളങ്ങിയില്ലെങ്കിൽ പണി ഉറപ്പ്'; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മലയാളി താരം സഞ്ജു സാംസണിന്‍റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മലയാളി താരം സഞ്ജു സാംസണിന്‍റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ടീമിലെ സ്ഥാനം തെറിക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി.

നാലാം ടി20 മത്സരത്തിൽ തിലക് വർമ്മ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. തിലക് തിരിച്ചെത്തിയാൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ ടീമിൽ ഇടം ലഭിക്കൂ. അതുകൊണ്ട് തന്നെ സഞ്ജുവിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

നാലാം മത്സരത്തിൽ തിലക് വർമ്മ കളിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സഞ്ജുവും ഇഷാനും തമ്മിലാകും പോരാട്ടം. റായ്പൂരിലെ രണ്ടാം ടി20യിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയതോടെ ഇഷാൻ കിഷൻ ഈ മത്സരത്തിൽ സഞ്ജുവിനേക്കാൾ ഏറെ മുന്നിലെത്തിക്കഴിഞ്ഞുവെന്നും ആകാശ് ചോപ്ര തപറഞ്ഞു.

നിലവിലെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന്‍റെ സമ്പാദ്യം. അതിനാൽ തന്നെ ഗുവാഹത്തിയിൽ ഒരു വലിയ ഇന്നിംഗ്സ് സഞ്ജുവിന് അനിവാര്യമാണ്. ഇഷാൻ കിഷനുമായുള്ള പോരാട്ടത്തിൽ സഞ്ജുവിന് ഇന്ന് 'ഡൂ ഓർ ഡൈ'മത്സരമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യ- ന്യൂസിലാന്‍ഡ് മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ​ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്‍കും. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.

Content Highlights:  IND VS NZ;Aakash Chopra on Sanju Samson opening spot for last 2 T20Is

To advertise here,contact us