'ഞാന്‍ വെറുതെ വിടില്ല'; 40 ലക്ഷം തട്ടിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് പലാഷ് മുച്ചല്‍

പലാഷിനെതിരെ സാംഗ്ലി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു

തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ‌ മൗനം വെടിഞ്ഞ് സിനിമാ-സം​ഗീത സംവിധായകനും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ മുൻ കാമുകനുമായ പലാഷ് മുച്ചൽ. സിനിമയിൽ നിക്ഷേപം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ‌ ​ഗായകൻ കൂടിയായ പലാഷിനെതിരെ സാംഗ്ലി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്മൃതി മന്ദാനയുടെ ബാല്യകാല സുഹൃത്തെന്ന് അവകാശപ്പെടുന്ന, നടനും നിർമാതാവുമായ വിഗ്യാൻ മാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പലാഷിനെതിരെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം പരസ്യമായി നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പലാഷ്. വിഷയം രൂക്ഷമായതോടെയാണ് പലാഷ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിശദീകരണം നൽകിയത്. ഇതെല്ലാം തന്റെ പ്രശസ്തി തകർക്കാൻ ആ​ഗ്രഹിക്കുന്ന ആളുകൾ കെട്ടിച്ചമയ്ക്കുന്നതാണെന്നാണ് പലാഷിന്റെ വാദം.

'സോഷ്യൽ മീഡിയയിൽ എനിക്കെതിരെ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സാം​ഗ്ലി സ്വദേശിയായ വി​ഗ്യാൻ മാനെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണ്. എന്നെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകളെല്ലാം ഈ അവകാശവാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റുമാണ്. ഇതെല്ലാം എന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ വേണ്ടിയാണ് ചെയ്യുന്നത്. ഈ ആളുകളെ ഞാൻ വെറുതെ വിടാൻ പോവുന്നില്ല. എന്റെ അഭിഭാഷകൻ ഈ വിഷയത്തിൽ നടപടിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ വിഷയം പരമാവധി നിയമപരമായ ഗൗരവത്തോടെ കൈകാര്യം ചെയ്യും', പലാഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഡിസംബറിലാണ് തട്ടിപ്പിന്റെ തുടക്കം. പലാഷ് സംവിധാനം ചെയ്യുന്ന 'നസാരിയ' എന്ന സിനിമയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒടിടി റിലീസിന് ശേഷം 12 ലക്ഷം രൂപ ലാഭം നൽകാമെന്നും സിനിമയിൽ വേഷം നൽകാമെന്നും പലാഷ് വിശ്വസിപ്പിച്ചു. കൂടാതെ സിനിമയിൽ ഒരു വേഷം വാഗ്‌ദാനം ചെയ്‌തതായും പരാതിയിൽ ആരോപിക്കുന്നു.

2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ പലാഷ് കൈപ്പറ്റുകയായിരുന്നു. എന്നാൽ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സിനിമ പൂർത്തിയായില്ല. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് ഒഴിഞ്ഞുമാറിയതോടെയാണ് വിഗ്യാൻ മാനെ പാരതിയുമായി സാംഗ്ലി പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Content Highlights: Palash Muchhal Denies Rs 40 lakh fraud allegations, Vows To Explore Legal Options

To advertise here,contact us