ടി20 ലോകകപ്പില് നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഔദ്യോഗികമായി സ്ഥരികരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡ് ടി20 ലോകകപ്പില് കളിക്കുമെന്നും ഐസിസി വ്യക്തമാക്കി. ഇന്നലെ ദുബായില് ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതില് ചേര്ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ട്ലൻഡിനെ ഉള്പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി, ജേഴ്സി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
മുൻ ഐസിസി ടൂർണമെന്റുകളിലെ മികച്ച പ്രകടനങ്ങളും നിലവിലെ 14-ാം റാങ്കുമാണ് സ്കോട്ട്ലൻഡിന് ലോകകപ്പിലേക്ക് വഴിതുറന്നത്. കഴിഞ്ഞ ടി20 ലോകകപ്പില് ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിന് തുല്യമായ പോയന്റുകൾ നേടിയെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സ്കോട്ട്ലൻഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
2022 ലോകകപ്പില് ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയെങ്കിലും, ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായതിനാൽ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിച്ചില്ല. 2021 ലോകകപ്പിലാകട്ടെ ബംഗ്ലാദേശിനെ ഗ്രൂപ്പ് ഘട്ടത്തിൽ അട്ടിമറിക്കുകയും ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 12-ലേക്ക് മുന്നേറുകയും ചെയ്തിരുന്നു. എന്നാൽ സൂപ്പർ 12 പോരാട്ടങ്ങളിൽ ഒരു വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞില്ല.
ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2026 ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പ് നിശ്ചയിച്ച പ്രകാരം ഇന്ത്യയിലും ശ്രീലങ്കയിലുമായി തന്നെ നടക്കുമെന്ന് ഐസിസി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന തീരുമാനത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നും ബംഗ്ലാദേശിന്റെ മത്സരങ്ങള് ഇന്ത്യയില് നിന്ന് മാറ്റിയില്ലെങ്കില് ലോകകപ്പ് ബഹിഷ്കരിക്കുമെന്നും ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്. പിന്നാലെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് രംഗത്തെത്തുകയായിരുന്നു. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമായിരുന്നു ബംഗ്ലാദേശിന്റെ പ്രധാന ആവശ്യം.
Content highlights: Official decision; Bangladesh out of T20 World Cup; Scotland to play instead