മൂന്നോവറിൽ വഴങ്ങിയത് 67 റൺസ്; കിവി പേസറെ ഇന്ത്യൻ ബാറ്റർമാർ തല്ലിപ്പരത്തിയപ്പോൾ ചങ്കിടിപ്പേറിയത് CSK യ്ക്ക്

കിവി ബോളർമാരുടെ നിരയിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത് സാക്ക് ഫോക്സാണ്

ന്യൂസീലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരിക്കുകയാണ്. ന്യൂസീലൻഡ് മുന്നോട്ടുവെച്ച 209 റൺസ് വിജയലക്ഷ്യം 28 പന്തും 7 വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ 2-0ന് മുന്നിട്ട് നിൽക്കാനും ഇന്ത്യയ്ക്കായി. ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ ചേസാണിത്.

ഇഷാന്‍ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇഷാൻ കിഷൻ 29 പന്തില്‍ 76 റൺസ് നേടി. സൂര്യകുമാര്‍ യാദവ് 37 പന്തില്‍ പുറത്താവാതെ 82 റൺസും നേടി. ശിവം ദുബെ 18 പന്തില്‍ 36 റണ്‍സെടത്തു.

കിവി ബോളർമാരുടെ നിരയിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത് സാക്ക് ഫോക്സാണ്. മൂന്ന് ഓവറിൽ 67 റൺസാണ് താരം വിട്ടുകൊടുത്തത്. അഥവാ ഒരോവറിൽ 22 റൺസിനും മുകളിൽ. 9 ഫോറും 3 സിക്സും താരം വഴങ്ങി. അഞ്ച് വെെഡും ഒരു നോബോളും താരം എറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.

ഫോക്സിന്റെ മോശം പ്രകടനം ഇന്ത്യക്ക് സന്തോഷം നൽകുമ്പോഴും ഐപിഎൽ ടീമായ ചെന്നെെ സൂപ്പർ കിങ്സിന് വലിയ നിരാശയായി മാറുകയാണ്. ഇത്തവണത്തെ മിനി താരലേലത്തിൽ സിഎസ്കെ വലം കെെയൻ കിവീസ് പേസറെ സ്വന്തമാക്കിയിരുന്നു. ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാനും കഴിവുള്ള താരം ഇത്തവണ സിഎസ്കെയ്ക്ക് മുതൽക്കൂട്ടാവുമെന്നാണ് കരുതിയത്.

എന്നാൽ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുമ്പോൾ സിഎസ്കെയുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് മിനി താര ലേലത്തിൽ സി എസ് കെ വിളയിച്ചെടുത്തത്.

സിഎസ്കെ ലേലത്തിൽ വാങ്ങിയ താരത്തെ ഇത്തവണ ബെഞ്ചിലിരുത്തേണ്ടി വരുമെന്ന് തോന്നിപ്പിക്കുന്നതാണ് ഫോക്സിന്റെ ബൗളിങ് പ്രകടനം. താരത്തിന്റെ ടി20യിലെ കണക്കുകൾ അത്ര മികച്ചതല്ല. 18 മത്സരത്തിൽ നിന്ന് 18 വിക്കറ്റാണ് താരം നേടിയത്. 9.39 എന്ന മോശം ഇക്കോണമിയാണ് താരത്തിനുള്ളത്.

Content highlights: Chennai super kings worried after new zealand pacer zak foulkes

To advertise here,contact us