'മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു'; മനസുതുറന്ന് ഇഷാൻ കിഷൻ

വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ

നീണ്ട രണ്ട് വർഷം. അതിന് ശേഷം നടത്തിയ തിരിച്ചുവരവ്. അതും ഒരു വെടിക്കെട്ട് ബാറ്റിങ്ങോടെ. 32 പന്തിൽ നിന്ന് 76 റൺസാണ് ആ ബാറ്റിംഗ് വിരുന്നിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ന്യൂസിലാൻഡിന് എതിരായ മത്സരത്തിൽ അടിച്ചുകൂട്ടിയത്. പക്ഷെ, ഏറെനാളിനു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരത്തിന് നാഗ്പൂരിൽ നടന്ന ആദ്യ ടി20 യിൽ അഞ്ച് പന്തിൽ നിന്നും വെറും എട്ട് റൺസ് മാത്രമാണ് നേടാനായത്.

എന്നാൽ രണ്ടാം ടി20 മത്സരത്തിന് മുൻപ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കുക്കാൻ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നതായി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇഷാൻ. 'എന്നോട് തന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു, വീണ്ടും മികച്ച പ്രകടനം നടത്താൻ കഴിയുമോയെന്ന്. അതിന് ഉത്തരവും കണ്ടെത്തി. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത് നല്ല ഷോട്ടുകൾ കളിക്കണം', ഇഷാൻ പറഞ്ഞു. അവിടെ കഥ മാറി. നാല് സിക്സറുകളും, പതിനൊന്ന് ബൗണ്ടറികളും അടങ്ങിയ ആ ബാറ്റിങ്ങിലൂടെ താരം എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകി.

റൺസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത്, ഔട്ടായെങ്കിലും നല്ലൊരു ഗെയിം പുറത്തെടുക്കണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ഇഷാൻ കൂട്ടിച്ചേർത്തു. തനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം റൺസിലൂടെ മറുപടി നൽകാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. ഇന്ത്യയ്ക്കായി ബാറ്റ് വീശാൻ തനിക്ക് കഴിവുണ്ടോയെന്ന് സ്വയം ഉറപ്പാക്കാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ റൺസ് നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയതോടെ തന്റെ ആത്മവിശ്വാസം കൂടിയെന്നും താരം വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് ഇഷാൻ കിഷനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിച്ചത്. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടി ബാക്കി ഉണ്ട്. നിലവിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ന്യൂസിലാൻഡിനെതിരെ 2 - 0 ത്തിന് മുന്നിലാണ്. നാളെ വൈകിട്ട് ഏഴിന് ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ - ന്യൂസിലാൻഡ് മൂന്നാം ടി20 മത്സരം.

Content highlights: India's wicketkeeper-batsman Ishan Kishan responds to criticism

To advertise here,contact us