ടീം ഇന്ത്യ എന്നും 'ടീം ഇന്ത്യ' തന്നെ; ബിസിസിഐക്ക് എതിരായ ഹർജി തള്ളി സുപ്രീംകോടതി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേരുമാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്ന് ബിസിസിഐയെ വിലക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ബിസിസിഐയെന്നും, അത് കേന്ദ്ര സർക്കാർ അംഗീകരിച്ച ഒരു ദേശീയ കായിക ഫെഡറേഷനല്ല എന്നുമായിരുന്നു അഭിഭാഷകനായ ദീപക് കൻസൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നത്. ടീം ഇന്ത്യ എന്ന പേരും, ദേശീയപതാകയും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാല്‍ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയതിനൊപ്പം, ഹർജിക്കാരനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോയെന്നും, കോടതിയുടെ സമയം പാഴാക്കുന്ന ഇത്തരം വാദങ്ങളിൽ എന്ത് യുക്തിയാണുള്ളതെന്നും കോടതി ചോദ്യമുയർത്തി.

മുൻപ് ഇതേ ഹർജിയിൽ ഹൈക്കോടതി പിഴ ശിക്ഷ നൽകാതിരുന്നതാണ് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ ഹർജിക്കാരന് പ്രോത്സാഹനമായെന്നും കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ അടക്കം പങ്കെടുക്കുന്ന ഒരു ടീം, ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നാണോ പറയുന്നതെന്നും, ദൂരദർശനോ മറ്റേതെങ്കിലും അതോറിറ്റിയോ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു.

ഇതോടെ ദൂരദർശൻ, ആകാശവാണി എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്നത് തുടരാനാകും.

ഹർജിക്കാരനെ പിഴ ചുമത്തുന്നതിൽ നിന്ന് കോടതി ഒഴിവാക്കിയെങ്കിലും, ഇനിയും ഇത്തരം അനാവശ്യ ഹർജികളുമായി കോടതിയുടെ സമയം കളയരുതെന്ന് കർശനമായ താക്കീതും നൽകിയിട്ടുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച് അഭിഭാഷകനായ റീപക് കന്‍സാല്‍ മുൻപ് ഡൽഹി ഹൈക്കോടതിയെയും സമീപിച്ചച്ചിരുന്നു. അന്ന് അനാവശ്യ ഹർജിയുമായി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമാണ് ഇത്. ഇത് ഇന്ത്യന്‍ ടീം അല്ലെന്നാണോ നിങ്ങള്‍ പറയുന്നത്? കോമണ്‍വെല്‍ത്ത് ഗെയിംസ്, ഒളിമ്പിക്‌സ് തുടങ്ങിയ കായിക മേളകളിലേക്ക് ടീം തിരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ സ്ഥാപനമാണോ' എന്നെല്ലാം ചോദിച്ചായിരുന്നു അന്ന് കോടതി ഹർജി തള്ളിയത്. അതിന് പിന്നാലെയാണ് ഹർജിക്കാരൻ വീണ്ടും സുപ്രീംകോടതിയിൽ എത്തിയത്.

Content highlights: Supreme Court rejects plea to change name of Indian cricket team

To advertise here,contact us