'ആ തെറ്റുതിരുത്തണം, ഇനിയും വൈകിയിട്ടില്ല'; ഗില്ലിന് പകരം രോഹിത് ക്യാപ്റ്റനാവണമെന്ന് മുന്‍ താരം

'ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത്തിന്റെ നേതൃത്വത്തിൽ ടീം ശരിയായ പാതയിലായിരുന്നു'

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ മാറ്റി രോഹിത് ശർമയെ തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ​ഗില്ലിന്റെ ക്യാപ്റ്റൻസിയിലുള്ള ഇന്ത്യൻ ടീം പരാജയം വഴങ്ങിയതിന് പിന്നാലെയാണ് മനോജ് തിവാരി രൂക്ഷവിമർ‌ശനവുമായി രം​ഗത്തെത്തിയത്. 2027 ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനായി തിരിച്ചുകൊണ്ടുവരണമെന്നും തെറ്റുതിരുത്തണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.

'രോഹിത് ശർമയെ ക്യാപ്റ്റൻസിയിൽ നിന്ന് എന്തിനാണ് നീക്കിയത് എന്നതാണ് എനിക്ക് മനസ്സിലാകാത്തത്. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത്തിന്റെ നേതൃത്വത്തിൽ ടീം ശരിയായ പാതയിലായിരുന്നു. എന്നാൽ രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി ആ തുടർച്ച ഇല്ലാതെയാക്കി. ഇന്നും ഏകദിനങ്ങളിൽ രോഹിത് തന്നെ ലീഡ് ചെയ്തിരുന്നുവെങ്കിൽ ന്യൂസിലാൻഡ് പരമ്പരയിലടക്കം ഫലം വ്യത്യസ്തമാകുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. രോഹിത് ക്യാപ്റ്റനാണെങ്കിൽ ഇന്ത്യ ലോകകപ്പ് നേടാൻ 85 മുതൽ 90 ശതമാനം വരെ സാധ്യതയുണ്ടെന്ന് എല്ലാവരും പറയുമെന്ന് ഞാൻ കരുതുന്നു', മനോജ് തിവാരി പറഞ്ഞു.

2025 ഒക്ടോബർ നാലിനാണ് രോഹിത്തിന് പകരം ഗില്ലിനെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ യുഗം ആരംഭിക്കുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചത്. എന്നാൽ ഗില്ലിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ ഏകദിന ടീം ഒക്ടോബറിൽ ഓസീസിനെതിരെയും കഴിഞ്ഞയാഴ്ച ന്യൂസിലൻഡിൻ്റെ രണ്ടാം നിര ടീമിനെതിരെയും പരാജയപ്പെട്ടിരുന്നു. ഇതോടെ വിമർശനങ്ങളും ശക്തമാണ്.

​Content Highlights: 'There is still time to correct': Manoj Tiwary wants BCCI to sack Shubman Gill and bring Rohit Sharma back as ODI captain

To advertise here,contact us