ജയം തുടരാൻ ഇന്ത്യ; തിരിച്ചുവരവിനായി ന്യൂസിലാൻഡ്, രണ്ടാം ടി20 ഇന്ന്

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടി20 ഇന്ന് ഏഴ് മണിക്ക് റായ്‌പൂരിൽ

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ടി20 പോരാട്ടങ്ങൾക്ക് ഇന്ന് റായ്‌പൂരിൽ തുടക്കം. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ജയം തുടരാൻ തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുക. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അങ്ങനെ ഇന്ത്യയ്ക്ക് തങ്ങളുടെ ലീഡ് ഉയർത്താനുമുള്ള അവസരം കൂടിയാണിത്. എന്നാൽ, ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിന്നുള്ള ഒരു തിരിച്ചുവരവായിരിക്കും കിവീസിന്റെ ലക്ഷ്യം. ലോകകപ്പിന് മുന്നേയുള്ള ഇന്ത്യയുടെ അവസാന സീരീസ് എന്ന നിലയിൽ പരമ്പരയിലെ നേട്ടങ്ങൾ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരിക്കും.

ഇന്ത്യയുടെ രണ്ട് വിക്കറ്റ്കീപ്പർ ബാറ്റർമാരായ സഞ്ജു സാംസണും, ഇഷാൻ കിഷനും ആദ്യ മത്സരത്തിൽ നിരാശയായിരുന്നു നൽകിയത്. ഓപ്പണറായി വീണ്ടും അവസരം ലഭിച്ചിട്ടും ഏഴ് പന്തിൽ നിന്ന് പത്ത് റൺസ് മാത്രാമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. നീണ്ട ഇടവേളയ്ക്ക് ശേഷം ടി20 മത്സരത്തിനായി കളത്തിലിറങ്ങുന്ന ഇഷാനാകട്ടെ ആകെ അക്കൗണ്ടിൽ ചേർക്കാനായത് അഞ്ച് പന്തിൽ നിന്ന് എട്ട് റൺസും. അതുകൊണ്ട് തന്നെ ഇരുവർക്കും ഈ രണ്ടാം ടി20 നിർണായകമാണ്. ടി20 യിലെ സഞ്ജുവിന്റ്റെയും, ഇഷാന്റെയും പ്രകടനം കണക്കിലെടുത്തതായിരിക്കും ലോകകപ്പിൽ ആര് മൈതാനത്തിറങ്ങും എന്ന ചോദ്യത്തിന് മാനേജ്‌മന്റ് ഉത്തരം കണ്ടെത്തുക.

തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരത്തിൽ സഞ്ജുവിന്റെ മിന്നും പ്രകടനം കാണാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. ആ സാഹചര്യത്തിൽ സഞ്ജുവിന് ഫോം വീണ്ടെടുത്ത് തന്റെ ബാറ്റിംഗ് മികവ് പ്രകടമാക്കേണ്ടതുണ്ട്. ആദ്യ ടി20 മത്സരത്തിൽ അഭിഷേക് ശർമ്മ (84), റിങ്കു സിംഗ് (44) എന്നിവരുടെ റൺവേട്ടയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. മത്സരത്തിൽ കളിയിലെ താരമായതും അഭിഷേക് തന്നെയായിരുന്നു.

ബൗളിങ്ങിലും ഇന്ത്യ മികച്ചുതന്നെ നിന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, അർഷ്ദീപ് സിംഗ്, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു. എന്നാൽ, ജസ്പ്രീത് ബുമ്രയ്ക്ക് തിളങ്ങാനായിരുന്നില്ല. ഇന്ത്യക്ക് അവരുടെ ജൈത്രയാത്രയുടെ തുടർച്ചയും, ന്യൂസിലൻഡിന് അവരുടെ തിരിച്ചുവരവിന്റെ കഥയുമായയിരിക്കും ഈ രണ്ടാം ടി20 മത്സരം.

Content highlights: India vs New Zealand 2nd T20I today at 7 pm in Raipur

To advertise here,contact us