14 കോടിയുടെ താരത്തിന് പരിക്ക്! സിഎസ്‌കെക്ക് പണി കിട്ടുമോ?

രഞ്ജി ട്രോഫി മത്സരത്തിൽ ഉത്തർ പ്രദേശിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്

2026 ഐപിഎൽ ലേലത്തിൽ 14.20 കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ച അൺക്യാപ്ഡ് താരം പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫി മത്സരത്തിൽ ഉത്തർ പ്രദേശിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ജാർഖണ്ഡിനെതിരെയുള്ള മത്സരത്തിൽ മിഡ് ഓഫിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഡൈവ് ചെയ്താണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ തോളിലാണ് പരിക്കേറ്റത്.

ഫീൽഡിൽ ഫിസിയോ എത്തി പരിശോധിച്ചതിന് ശേഷം താരത്തെ സ്‌കാനിങ്ങിനായി മൈതാനത്തിന് പുറത്ത് കൊണ്ടുപോയി. കയ്യിൽ ഒരു സ്ലിംഗുമായാണ് താരം തിരിച്ചെത്തിയത്. രഞ്ജി ട്രോഫിയിലെ ബാക്കി മത്സരങ്ങളിൽ താരം കളിച്ചേക്കുമോ എന്നുള്ളത് സംശയകരമാണ്.

മൂന്നാഴ്ച്ചയോളം താരത്തിന് വിശ്രമം ആവശ്യമായിരിക്കും. എന്നാൽ ടി-20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഐപിഎല്ലിൽതാരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് 20 കാരനായ പ്രശാന്ത് വീർ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് എത്തുന്നത്. യുപിക്കായി ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഏഴ് കളികളിൽ നിന്ന് ഒൻപത് വിക്കറ്റ് താരം നേടി. 170 സ്‌ട്രൈക്ക് റേറ്റിൽ 112 റൺസും സ്‌കോർ ചെയ്തു.

Content Highlights- CSK's ₹14.20 crore signing suffers shoulder injury during Ranji Trophy

To advertise here,contact us