91-ാം രഞ്ജി ട്രോഫിയിയില് ചണ്ഡീഗഢിനെതിരെ പൊരുതാൻ പോലുമാകാതെ കേരളം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തെ 139 റൺസെടുക്കുന്നതിനിടെ ചണ്ഡീഗഢ് ഓൾ ഔട്ട് ആക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ നിഷുങ്ക് ബിര്ളയും, മൂന്ന് പേരെ പുറത്താക്കിയ രോഹിത് ദണ്ഡെയുമാണ് കേരളത്തിന്റെ റൺവേട്ടയ്ക്ക് കടിഞ്ഞാണിട്ടത്. 49 റണ്സെടുത്ത ബാബാ അപരാജിതാണ് കേരളത്തിന്റെ ടോപ് സ്കോറര്. അർദ്ധസെഞ്ചുറിക്ക് ഒരു റൺ മാത്രം അകലെയുള്ളപ്പോൾ അർജിത് പന്നു അപരാജിതിനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. റൺസിനായി ദാഹിച്ചുനിന്ന കേരളത്തിന് സച്ചിന് ബേബിയുടെ 41 റൺസ് നേട്ടം ആശ്വാസമായി. ആകര്ഷ് 14 റൺസും, സല്മാന് നിസാര് 13* റൺസും നേടി രണ്ടക്കം കടന്നു.
87 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ മാത്രമായിരുന്നു കേരളത്തിന് നഷ്ടമായിരുന്നത്. ക്രീസിലുണ്ടായിരുന്ന സച്ചിന് - അപരാജിത് കൂട്ടുകെട്ടിൽ പിറന്ന 58 റൺസും റൺവേട്ടയിൽ ശക്തി പകർന്നു. ഒരു ഘട്ടത്തില് രണ്ടിന് 95 എന്ന ഭേദപ്പെട്ട നിലയിലായിൽ വരെ കേരളം എത്തി. എന്നാല്, പിന്നീട് കേരളത്തിന്റെ തകർച്ചയാണ് കണ്ടത്. സച്ചിൻ ബേബിയിൽ തുടങ്ങി പിന്നീടങ്ങോട്ടുള്ള എട്ട് വിക്കറ്റുകള് വീണത് 44 റണ്സിനിടെ. സച്ചിന് പിന്നാലെ ഔട്ടായ വിഷ്ണു വിനോദ് മടങ്ങിയത് ഒരു റൺ പോലും അക്കൗണ്ടിൽ ചേർക്കാതെയും. ഇതിനിടെ അപരാജിതും ഡഗ്ഔട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ബാറ്റ് വീശാനെത്തിയ മുഹമ്മദ് അസറുദ്ദീന് നാലിനും, അങ്കിത് ശര്മ, നിധീഷ് എം ഡി, ഓപണർ അഭിഷേക് നായര് തുടങ്ങിയവർ ഒരു റൺസിനും കൂടാരം കയറി. ശ്രീഹരി നായര്, ഏദന് ആപ്പിള് ടോം എന്നിവർ പൊരുതാൻപോലുമാകാതെ പൂജ്യത്തിനും പുറത്തായി.
അഞ്ച് മത്സരങ്ങളില് നിന്ന് നാല് സമനിലകളാണ് കേരളത്തിന് സമ്പാദ്യം. ടീമിനെ സംബന്ധിച്ച് ടൂര്ണമെന്റില് ബാക്കിയുള്ള മത്സരങ്ങള് ഏറെ നിര്ണ്ണായകമാണ്. നിലവിൽ ഗ്രൂപ്പ് ബി പോയിന്റ് പട്ടികയിൽ കേരളം ഏഴാം സ്ഥാനത്തും, ചണ്ഡീഗഢ് അവസാന സ്ഥാനത്തുമാണ്. ഗോവക്കെതിരെ അവരുടെ തട്ടകത്തിൽ ജനുവരി 29 നാണ് കേരളത്തിന്റെ അടുത്ത മത്സരം.
Content Highlights: Kerala suffered a batting collapse against Chandigarh in the Ranji Trophy