

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളത്തിന്റെ സൂപ്പർ താരം സച്ചിൻ ബേബി. രഞ്ജിയിൽ 6,000 റൺസ് പിന്നിടുന്ന ആദ്യ കേരള താരമെന്ന റെക്കോർഡാണ് സച്ചിൻ ബേബി സ്വന്തം പേരിലെഴുതിച്ചേർത്തത്. വ്യാഴാഴ്ച ചണ്ഡിഗഢിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസമാണ് സച്ചിൻ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ചണ്ഡിഗഡിനെതിരായ ആദ്യ ഇന്നിങ്സിൽ 110 പന്തുകൾ നേരിട്ട സച്ചിൻ 41 റൺസ് നേടിയാണ് പുറത്തായത്. ആറ് ബൗണ്ടറികൾ നേടിയ സച്ചിൻ രോഹിത് ധന്ദയുടെ പന്തിലാണ് പുറത്താകുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം ചണ്ഡീഗഢ് ലീഗ് നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളം 139 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ജെ നായരെ (1) നഷ്ടമായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. വൈകാതെ 14 റൺസെടുത്ത എകെ ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കി. തുടർന്ന് ഒത്തുചേർന്ന സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന സഖ്യം കേരളത്തിന് പ്രതീക്ഷ നൽകി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു കേരളം.
എന്നാൽ ലഞ്ചിന് ശേഷമുള്ള നാലാം ഓവറിൽ തന്നെ സച്ചിൻ ബേബിയും (41) വിഷ്ണു വിനോദും (0) പുറത്തായി. രോഹിത് ധന്ദയുടെ പന്തിൽ ഇരുവരും എൽബിഡബ്ല്യു ആവുകയായിരുന്നു. അർധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകർച്ച പൂർണ്ണമായി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ്മ (1), ശ്രീഹരി എസ് നായർ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളിൽ മടങ്ങിയത്. ഒരു റണ്ണുമായി നിധീഷ് എം ഡിയും അക്കൗണ്ട് തുറക്കാതെ ഏദൻ ആപ്പിൾ ടോമും കൂടി മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്സ് 139ൽ അവസാനിച്ചു. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിർള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢിന് 11 റൺസെടുത്ത ഓപ്പണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ മനൻ വോറയും അർജുൻ ആസാദും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവരെ ശക്തമായ നിലയിലെത്തിച്ചു. കളി നിർത്തുമ്പോൾ അർജുൻ ആസാദ് 78 റൺസുമായും മനൻ വോറ 51 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്.
Content Highlights: Ranji Trophy: Sachin Baby writes History, becomes first kerala player to cross 6000 Ranji runs record