പാക് താരങ്ങളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് വ്യവസായി മുങ്ങി; ഇരയായത് ബാബറും റിസ്‌വാനുമടക്കമുള്ളവർ

സംഭവത്തിൽ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്

പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. പാകിസ്താന്റെ മുൻ ക്യാപ്റ്റന്മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവരടക്കമുള്ള നിരവധി ദേശീയ താരങ്ങളുടെ കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.

നിക്ഷേപ തട്ടിപ്പില്‍ താരങ്ങള്‍ക്ക് ‌100 കോടിയോളം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ നിക്ഷേപകരെ ആകര്‍ഷിച്ച് ഇവരില്‍ നിന്ന് ഫണ്ട് സ്വരൂപിച്ച് മുന്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന തട്ടിപ്പിലാണ് താരങ്ങള്‍ പെട്ടത്. പുതിയ നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച ഫണ്ട് തീര്‍ന്നതോടെ പദ്ധതി തകരുകയായിരുന്നു. ഇതോടെ താരങ്ങളില്‍ നിന്ന് പണം വാങ്ങിയ വ്യവസായി രാജ്യത്ത് നിന്നു മുങ്ങുകയും ചെയ്തു. പുതിയ നിക്ഷേപകരില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ടതും അവര്‍ക്ക് പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ചില ടീമുകളെ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളതും താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതുമായ ഒരു വ്യവസായി വഴിയാണ് ഇവര്‍ പണം നിക്ഷേപിച്ചത്. താരങ്ങള്‍ക്ക് തുടക്കത്തില്‍ നല്‍കിയിരുന്ന ലാഭ വിഹിതം പിന്നീട് വരാതിരുന്നതോടെയാണ് തട്ടിപ്പിലേക്കുള്ള സംശയങ്ങള്‍ ആരംഭിച്ചത്. തുടർന്ന് താരങ്ങള്‍ ഇയാളോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തതപ്പോൾ വലിയ നഷ്ടം സംഭവിച്ചുവെന്നും പണം മുഴുവന്‍ നഷ്ടമായെന്നുമാണ് മറുപടി നല്‍കിയത്. അതിനുശേഷം ഇയാള്‍ ഫോണടക്കം സ്വിച്ച് ഓഫ് ചെയ്ത് രാജ്യം വിടുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

​Content Highlights: Pakistan stars Babar Azam, Mohammad Rizwan, Shaheen Afridi involved in massive money fraud report

To advertise here,contact us