തന്നെ നേരിടാന് എല്ലാ ടീമുകളും പ്ലാന് തയ്യാറാക്കാറുണ്ടെന്ന് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര് അഭിഷേക് ശര്മ. ന്യൂസിലാന്ഡിനെതിരായ ഒന്നാം ടി20 മത്സരത്തിന് ശേഷം സംസാരിക്കവേയായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് വേണ്ടി നിര്ണായക ഇന്നിങ്സ് പുറത്തെടുത്ത് പ്ലേയര് ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിക്കവേയാണ് ടീമിന്റെയും തന്റെയും പ്രകടനത്തെ കുറിച്ച് അഭിഷേക് തുറന്നുപറഞ്ഞത്.
'ആദ്യദിവസം മുതല് തന്നെ ഞങ്ങള്ക്ക് ഒരു പദ്ധതി ഉണ്ടായിരുന്നു. അതാണ് ഞങ്ങള് പിന്തുടര്ന്നത്. എല്ലാ ടീമുകളും എനിക്ക് വേണ്ടി ഒരു പ്ലാന് തയ്യാറാക്കുന്നുണ്ട്. എന്റെ റോള് വളരെ റിസ്കുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇതാണ് എന്റെ കംഫര്ട്ട് സോണെന്നും ഞാന് പറയില്ല. പക്ഷേ ആദ്യത്തെ ആറ് വിക്കറ്റുകളില് മികച്ച പ്രകടനം പുറത്തെടുക്കാന് ഞാന് പരിശീലിക്കുന്നുണ്ട്. ഞാന് ഒരിക്കലും റേഞ്ച് ഹിറ്റിങ് ചെയ്യാറില്ല. ഞാന് ഒരു ടൈമിങ് ബാറ്ററാണ്. എനിക്ക് പന്ത് കാണുകയും സാഹചര്യങ്ങള്ക്കനുസരിച്ച് പൊരുത്തപ്പെടുകയും ചെയ്യണം', അഭിഷേക് പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ഇന്നിങ്സ് പുറത്തെടുത്ത അഭിഷേക് 35 പന്തിൽ 84 റൺസാണ് അടിച്ചെടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് കൂറ്റൻ സിക്സറുകളുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. അഭിഷേകിന്റെ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 238 റണ്സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസിലാന്ഡിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 190 റണ്സിലൊതുങ്ങിയതോടെ ഇന്ത്യ 48 റൺസ് വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: IND vs NZ: Abhishek Sharma says All teams have a Plan for him