ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ 48 റൺസിന്റെ മിന്നും വിജയം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 238 റൺസെടുത്തപ്പോൾ ന്യൂസീലാൻഡിന്റെ മറുപടി ഏഴ് വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു. ഓപ്പണര് അഭിഷേക് ശര്മയുടെ വെടിക്കെട്ട് അര്ധസെഞ്ച്വറിയും ലാസ്റ്റ് ഓവറിൽ റിങ്കു സിങ്ങിന്റെ കൂറ്റനടികളുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഗ്ലെന് ഫിലിപ്സ് പൊരുതിനോക്കിയെങ്കിലും കിവികൾ വിജയം കണ്ടില്ല.
ഇന്ത്യ വമ്പൻ ജയം നേടിയപ്പോഴും സഞ്ജു സാംസണ് പ്രതീക്ഷിച്ച പ്രകടനം ബാറ്റിങ്ങിൽ കാഴ്ചവെക്കാനായില്ല. ഓപ്പണറായി ഇറങ്ങി രണ്ട് ബൗണ്ടറിയടക്കം നേടി സഞ്ജു പ്രതീക്ഷ നൽകിയെങ്കിലും 7 പന്തിൽ 10 റൺസെടുത്താണ് പുറത്തായത്. അനായാസ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന്റെ പ്രകടനം വലിയ പ്രതീക്ഷ നൽകുന്നതല്ല.
ഇപ്പോഴിതാ സഞ്ജുവിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും അവതാരകനുമായ ആകാശ് ചോപ്ര. സഞ്ജു സാംസൺ ടി20 ലോകകപ്പിൽ പ്ലേയിങ് 11ൽ സീറ്റുറപ്പിച്ചിട്ടില്ലെന്നും ഇഷാൻ കിഷൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്.
'സഞ്ജു സാംസൺ ടി20 ലോകകപ്പിൽ നൂറുശതമാനം സീറ്റ് ഉറപ്പിച്ചെന്ന് എനിക്ക് പറയാനാവില്ല. സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. വരുന്ന കുറച്ച് മത്സരങ്ങളിലൂടെ ഇതിനുള്ള ഉത്തരം ലഭിക്കും' എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
നാഗ്പൂരിൽ സഞ്ജു സാംസണും ഇഷാൻ കിഷനും ഫ്ളോപ്പായിരുന്നു. ഇഷാൻ കിഷൻ ബൗണ്ടറിയോടെയാണ് തുടങ്ങിയതെങ്കിലും എട്ട് റൺസെടുത്താണ് പുറത്തായത്. ശേഷിക്കുന്ന നാല് മത്സരങ്ങൾ ഇരുവരേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്നമാണ്.
കളിക്കുന്ന മത്സരങ്ങളിൽ വലിയ സ്കോർ നേടാൻ കഴിവുണ്ടെങ്കിലും ഇതിൽ സ്ഥിരത കാട്ടാൻ സഞ്ജുവിനാകുന്നില്ല. ഇനിയുള്ള നാല് മത്സരങ്ങളിലും മികവ് കാട്ടുകയെന്നതാണ് സഞ്ജുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിന് സാധിച്ചാൽ മലയാളി താരത്തിന് ടി20 ലോകകപ്പിലെ ഓപ്പണർ റോൾ ഉറപ്പിക്കാൻ സാധിക്കും.
Content Highlights: Aakash Chopra warn sanju samson after first 20 vs newzeland