നീണ്ട രണ്ട് വർഷത്തിലേറെയായുള്ള കാത്തിരിപ്പിന് ശേഷം ഇഷാൻ കിഷൻ ഇന്ത്യൻ ടീമിനായി ടി20 മത്സരം കളിക്കാനൊരുങ്ങുകയാണ്. ബുധനാഴ്ച ന്യൂസീലൻഡിനെതിരായ ഒന്നാം ടി20-യിൽ ഇഷാൻ ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് അറിയിച്ചത്. നാഗ്പുരിൽ നടക്കുന്ന മത്സരത്തിൽ താരം ഇന്ത്യയ്ക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നും സൂര്യ വ്യക്തമാക്കി.
പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. നാഗ്പൂരിൽ മത്സരത്തിന് മുന്നേയുള്ള വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രതികരണം.
'ഇഷാൻ നാളെ മൂന്നാം നമ്പറിൽ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാൽ അവന് അവസരം നൽകുന്നതാണ് നീതി' , സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
2023 നവംബർ 28-ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇഷാൻ കിഷൻ അവസാനമായി ഇന്ത്യയ്ക്കായി ഒരു ടി20 മത്സരം കളിച്ചത്. വളരെക്കാലം ടീമിൽ നിന്ന് വിട്ടുനിന്ന ശേഷം, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് 27-കാരനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്.
ഝാർഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഇഷാനെ വീണ്ടും ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്. ടൂർണമെന്റിലെ 10 ഇന്നിങ്സുകളിൽ നിന്നായി 57.44 എന്ന മികച്ച ശരാശരിയിൽ 517 റൺസാണ് താരം നേടിയത്. 197-ൽ കൂടുതലായിരുന്നു സ്ട്രൈക്ക് റേറ്റ്. ഹരിയാണക്കെതിരായ ഫൈനലിൽ വെറും 49 പന്തുകളിൽ നിന്ന് 101 റൺസ് നേടി ടീമിന്റെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യവുമായി.
അതേ സമയം ഇഷാൻ ഇലവനിൽ എത്തുമ്പോൾ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന ചോദ്യം ക്രിക്കറ്റ് സർക്കിളുകളിൽ ഉയരുകയാണ്. പ്രത്യക്ഷത്തില് സഞ്ജുവിന്റെ ഓപ്പണിങ് സ്ലോട്ടിന് ഭീഷണിയില്ല. ഇഷാനേക്കാള് മുൻതൂക്കം എന്തുകൊണ്ടും സഞ്ജുവിന്റെ ബാറ്റിനുണ്ട്. കേവലം 18 ഇന്നിങ്സുകളില് ഓപ്പണറായി മൂന്ന് സെഞ്ച്വറികൾ താരത്തിനുണ്ട്. മറ്റൊന്ന് ട്വന്റി 20യില് ഇന്ത്യ ദീര്ഘകാലമായി തുടരുന്ന ലൈഫ്റ്റ് - റൈറ്റ് കോമ്പിനേഷൻ. സഞ്ജു-അഭിഷേക് ശര്മ കൂട്ടുകെട്ടിലൂടെ ഇത് സാധ്യമാകും.
അന്താരാഷ്ട്ര ട്വന്റി 20യില് ഇന്ത്യക്കായി ടോപ് ത്രീക്ക് പുറത്ത് ഇഷാൻ ബാറ്റ് ചെയ്തത് ഒരു തവണ മാത്രമാണ്. ഓപ്പണറെന്ന നിലയില് സഞ്ജുവിന്റെ റെക്കോര്ഡുകളുടെ സമീപത്ത് എത്താൻ പോലും ഇഷാനായിട്ടില്ല. 27 മത്സരങ്ങള് 662 റണ്സ്, നാല് അര്ദ്ധ സെഞ്ചുറികള്, സ്ട്രൈക്ക് റേറ്റ് കേവലം 122 ആണ്. സഞ്ജുവിന്റേത് 180നടുത്തും. 2023ന് ശേഷം ഇന്ത്യയുടെ നീലക്കുപ്പായത്തില് ക്രീസിലെത്താൻ കഴിഞ്ഞിട്ടില്ല ഇഷാന്. പക്ഷേ, മിന്നും അകമ്പടിയോടെയാണ് ഇഷാന്റെ മടങ്ങിവരവ് സംഭവിച്ചിരിക്കുന്നത് എന്നത് മറ്റൊരു ഫാക്ടറാണ്.
അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കാൻ പോകുന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയാകും ഇരു താരങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാകുക. ന്യൂസിലൻഡ് പരമ്പരയില് സ്ഥിരതയോടെ ബാറ്റ് ചെയ്താല് ലോകകപ്പിലെ ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാം, ലോകകപ്പില് മികവ് ആവര്ത്തിച്ചാല് സ്ഥിരഓപ്പണറായി തുടരാം. മറിച്ച് നിറം മങ്ങുകയും ഇഷാൻ തിളങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള് സഞ്ജുവിന്റെ സാധ്യതകള്ക്ക് മങ്ങലേറ്റേക്കാം.
Content Highlights- ishan kishan will challenge sanju samsons place in t20 cricket