

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നാഗ്പൂരിൽ നടന്ന ഒന്നാം ടി20യിൽ 48 റൺസിനാണ് സൂര്യകുമാർ യാദവും സംഘവും വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 239 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാന്ഡിന് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 190 റണ്സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില് 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
40 പന്തില് നാല് ബൗണ്ടറിയും ആറ് സിക്സും പറത്തി 78 റണ്സ് അടിച്ചെടുത്ത ഗ്ലെന് ഫിലിപ്സാണ് ന്യൂസിലാന്ഡിന്റെ ടോപ് സ്കോറര്. മാര്ക് ചാപ്മാന് 24 പന്തില് 39 റണ്സെടുത്ത് ഭേദപ്പെട്ട സംഭാവന നൽകിയെങ്കിലും മറ്റാരും ന്യൂസിലാൻഡ് നിരയിൽ പൊരുതിയില്ല. ഇന്ത്യയ്ക്ക് വേണ്ടി വരുണ് ചക്രവര്ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 238 റണ്സ് അടിച്ചെടുത്തത്. ഓപ്പണര് അഭിഷേക് ശര്മയുടെ വെടിക്കെട്ട് അര്ധസെഞ്ച്വറിയും ലാസ്റ്റ് ഓവറിൽ റിങ്കു സിങ്ങിന്റെ കൂറ്റനടികളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
Content Highlights: India vs New Zealand, 1st T20I: India crush New Zealand, win by 48 runs