കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ

ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്

ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സിഎ സനിൽ കുമാർ എംബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി നായർ ചടങ്ങിൽ വ്യക്തമാക്കി. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, ട്രഷറർ അജിത്ത് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Content Highlights: ​IND vs NZ: tickets officially on sale for Greenfield International Stadium Thiruvananthapuram match

To advertise here,contact us