ഏറെക്കാലമായി ക്യാപ്റ്റന് സൂര്യകുമാർ യാദവിന്റെ ഫോം ഔട്ട് ഇന്ത്യക്ക് വലിയ തലവേദനയാണ്. ഏഷ്യാ കപ്പിലടക്കം കഴിഞ്ഞ സീരീസുകളിലൊന്നും സൂര്യക്ക് ഫോമിലേക്കുയരാനായിട്ടില്ല. 2024 ഒക്ടോബറിലാണ് കുട്ടി ക്രിക്കറ്റിൽ സൂര്യ അവസാനമായി ഒരു അർധ സെഞ്ച്വറിയടിച്ചത്.
ഒരു കാലത്ത് ടി20 ക്രിക്കറ്റിലെ നമ്പർ 1 ബാറ്ററായിരുന്ന സ്കൈക്ക് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം അത്ര നല്ല കാലമല്ല. നേരത്തേ താൻ ഔട്ട് ഓഫ് ഫോം അല്ലെന്നും ഔട്ട് ഓഫ് റൺസാണെന്നുമാണ് സൂര്യ ഇതിനെ ന്യായീകരിച്ചത്. കിവീസിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഒരിക്കൽ കൂടി അതാവർത്തിക്കുകയാണ് താരം.
'നമ്പർ 3 റോളിലും നമ്പർ 4 റോളിലും ഞാൻ ബാറ്റ് വീശിയിട്ടുണ്ട്. നാലാമനായിറങ്ങുമ്പോൾ കുറച്ച് കൂടി നന്നായി കളിക്കാനാവുന്നുണ്ട്. എന്നാലും രണ്ട് പൊസിഷനിലും ഫ്ളെക്സിബിൾ ആണ്. സിറ്റ്വേഷൻ അനുസരിച്ചാണ് കാര്യങ്ങൾ. തിലക് വർമ വൺ ഡൗൺ റോളിൽ മികച്ച രീതിയിലാണ് ഇപ്പോള് ബാറ്റ് വീശുന്നത്.. ഇനി സഞ്ജു സാംസൺ പുറത്താവുന്ന ഘട്ടത്തിൽ ഒരു വലങ്കയ്യൻ ബാറ്ററെയാണ് സാഹചര്യം ആവശ്യപ്പെടുന്നത് എങ്കിൽ ആ സ്ലോട്ടിൽ ഞാനിറങ്ങും. എനിക്ക് കുറച്ച് കാലമായി സ്കോർ ചെയ്യാൻ കഴിയുന്നില്ല എന്നത് സത്യമാണ്. പക്ഷെ എനിക്ക് എന്റെ ഐഡിന്റിറ്റി മാറ്റാനാവില്ലല്ലോ. കഴിഞ്ഞ മൂന്നോ നാലോ വർഷമായി ഞാൻ എന്താണോ ചെയ്ത് കൊണ്ടിരിക്കുന്നത് അത് തുടരാൻ തന്നെയാണ് തീരുമാനം. നെറ്റ്സിൽ ഇപ്പോഴും കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്നു'- സൂര്യ പറഞ്ഞു.
ടെന്നീസ് പോലെയുള്ള ഇന്റിവിജ്വൽ ഗെയിമുകളാണെങ്കിൽ മോശം ഫോമിനെക്കുറിച്ച് തനിക്ക് ആശങ്കപ്പെടാമായിരുന്നു എന്നും ക്രിക്കറ്റ് ടീം ഗെയിമാണെന്നും ടീം നന്നായി പെർഫോം ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നും സൂര്യ കൂട്ടിച്ചേർത്തു. ലോകകപ്പിന് മുമ്പ് കിവീസിനെതിരായ പരമ്പര ഇന്ത്യൻ ക്യാപ്റ്റന് ഏറെ നിർണായകമാണ്.