അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ വിലക്കണമെന്ന പൊതു താത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള നയപരമായ തീരുമാനങ്ങൾ എടുക്കാനോ ഇന്ത്യൻ അധികാരപരിധിക്ക് പുറത്ത് അന്വേഷണങ്ങൾ നടത്താനോ കോടതികളോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും കോടതിയുടെ സമയം പാഴാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. നിയമ വിദ്യാർഥിയാണെന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് ഹർജി സമർപ്പിച്ചത്.
ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ വിലക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ആവശ്യപ്പെട്ട കാര്യങ്ങള് വിദേശ നയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും ബാധിക്കുന്നവയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം വ്യവഹാരങ്ങൾ പൊതുതാത്പര്യ ഹർജിയുടെ അധികാരപരിധി ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണെന്ന് ഹർജിക്കാരന് ബെഞ്ച് മുന്നറിയിപ്പ് നൽകി. ജുഡീഷ്യൽ സമയം പാഴാക്കുന്നതിന് കനത്ത പിഴ ചുമത്താമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി.
Content Highlights: Delhi High Court Rejects Plea Seeking Ban On Bangladesh Cricket Team