ന്യൂസിലാൻഡിനെതിരയുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെട്ടിരുന്നു. മത്സരവും പരമ്പരയും നഷ്ടമായെങ്കിലും ഇതിഹാസ താരം വിരാട് കോഹ്ലി തലയുയർത്തിയാണ് മടങ്ങിയത്. മൂന്ന് മത്സരത്തിൽ നിന്നും 240 റൺസാണ് വിരാട് നേടിയത്.
അവസാന മത്സരത്തിൽ 338 പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി 124 റൺസ് നേടി തിളങ്ങാൻ വിരാടിന് സാധിച്ചിരുന്നു. മത്സരത്തിലെ വിരാടിന്റെ വിക്കറ്റിനിടയിലെ ഓട്ടം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിതീഷ് കുമാർ റെഡ്ഡിക്കൊപ്പവും ഹർഷിത് റാണക്കൊപ്പവും വിരാടിന്റെ കൂട്ടുക്കെട്ട് ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു. വിരാടിന്റെ ഏകദിനത്തിലെ ഈ മാരക ഫോം ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെ ചർച്ചയാകുന്നുണ്ട.
വിരാടിന് 44-45 വയസ്സ് വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുചരാൻ സാധിക്കുമെന്ന് പറയുകയാണ് മുൻ ന്യൂസിലാൻഡ് പേസ് ബൗളർ സൈമൺ ഡൗൾ.
'വിരാട് കളിച്ച ചില ഷോട്ടുകൾ വളരെ ക്ലീനായിരുന്നു. അതിനപ്പുറം, അദ്ദേഹം ഫീൽഡ് കൈകാര്യം ചെയ്യുന്ന രീതിയും വിക്കറ്റുകൾക്കിടയിൽ എങ്ങനെ ഓടുന്നു എന്നതും പ്രധാനമാണ്. അദ്ദേഹത്തിൽ ഇപ്പോഴും ഒരു യുവത്വമുണ്ട്. പ്രായവും അനുഭവപരിചയവും ഉണ്ടായിരുന്നിട്ടും, ആ ടീമിലെ ഏറ്റവും ഫിറ്റായ വ്യക്തി അദ്ദേഹമാണ്. അതാണ് പ്രൊഫഷണലിസം.
മത്സരങ്ങൾ ജയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കാനുള്ള മനസ്സ്, ടീം പിന്നിലായിരിക്കുമ്പോൾ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തി. സ്വന്തം റൺസിനും സഹതാരങ്ങൾക്കും വേണ്ടി ചെയ്യുന്ന കഠിനാധ്വാനം. ഇപ്പോൾ അവൻ കളിക്കുന്ന രീതിയെ ഇഷ്ടപെടാൻ ഒരുപാട് കാര്യങ്ങളുണ്ട്. 44 അല്ലെങ്കിൽ 45 വയസ്സ് വരെ അവൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരട്ടെ,' ജിയോ ഹോട്സ്റ്റാറിൽ സംസാരിക്കവെ സൈമൺ ഡൗൾ പറഞ്ഞു.
Content Highlights- Simon Doull Says Virat Kohli may play cricket for 44-45 years