ബംഗ്ലാദേശിന് പിന്തുണ അർപ്പിച്ച് ലോകകപ്പ് ബഹിഷ്കരിക്കുമോ?; വ്യക്തത വരുത്തി പാക് ക്രിക്കറ്റ് ബോർഡ്

ടി 20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറച്ചുനിൽക്കവെ വിഷയത്തിൽ നിലപാട് അറിയിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ടി 20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറച്ചുനിൽക്കവെ വിഷയത്തിൽ നിലപാട് അറിയിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പ് വേദി മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിബി തയ്യാറെടുപ്പുകൾ നിർത്തിവെച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനോടാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് ഒഴിവായാലും തങ്ങൾ ടൂർണമെന്റ് കളിക്കുമെന്ന് പിസിബി വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെ ബംഗ്ലാദേശ് വിഷയത്തിൽ പിന്തുണതേടി പാകിസ്താനെ സമീപിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിവാദങ്ങൾ തുടരുന്നതിനിടെയാണ് പിസിബി നിലപാട് തുറന്നുപറഞ്ഞത്. ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് ഒഴിവായാലും തങ്ങൾ ലോകകപ്പ് കളിക്കുമെന്നും പാകിസ്താന് അത്തരമൊരു നിലപാടില്ലെന്നും പിസിബിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി അന്ത്യശാസനം നൽകിയിരുന്നു. വിഷയത്തിൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ ഐസിസി സമയം നൽകി. അതിനുള്ളിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്‌കോട്ട്‌ലൻഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.

ബംഗ്ലാദേശ് അടുത്തിടെ പുതിയ നിർദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഐസിസി തള്ളുകയായിരുന്നു.

നിലവിൽ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയർലൻഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. പ്രാഥമിക റൗണ്ടിൽ അയർലൻഡിന്റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് കൊളംബോയിലാണ്. എന്നാൽ, തങ്ങളുടെ മത്സരവേദിയിൽ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനൽകിയതായി അയർലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.

Content Highlights:; pakistan will not boycott t20 world cup with solidarity to bangladesh

To advertise here,contact us