കോഹ്‌ലിയില്ല; ഇന്ത്യയുടെ എക്കലത്തെയും മികച്ച ടി 20 ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി 20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ടി 20 ആവേശത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് കടക്കുകയാണ്, നാളെയാണ് ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പര ആരംഭിക്കുന്നത്. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിന് മുമ്പുള്ള ഒരുക്കം കൂടിയാണിത്.

ഇപ്പോഴിതാ ടി 20 പരമ്പരയ്ക്കും ടി 20 ലോകകപ്പിനും മുന്നോടിയായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി 20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര.

ഓപണർമാരായി ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത് വമ്പനടിക്കാരായ രോഹിത് ശർമയെയും വീരേന്ദർ സെവാഗിനെയുമാണ്. ടി 20 യിൽ 4000 ലേറെ റൺസ് നേടിയ താരമാണ് രോഹിത്. സെവാഗിന്റെ കാലത്ത് അത്രയധികം ടി 20 ഫോർമാറ്റ് സജീവമായിരുന്നില്ല. ഇരുവരും വിരമിച്ച താരങ്ങളാണ് എന്നതാണ് പ്രത്യേകത.

മൂന്നാം നമ്പറിൽ ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത് മിസ്റ്റർ ഐ പി എൽ എന്ന് വിളിപ്പേരുള്ള സുരേഷ് റെയ്‌നയെയാണ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റെയ്‌ന. നാലാമനായി തിരഞ്ഞെടുത്തത് കൂറ്റനടിക്കാരനായ യൂസുഫ് പത്താനെയാണ്. അഞ്ചാമനായി വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി എം എസ് ധോണിയെയും തിരഞ്ഞെടുത്തു.

ടീമിന്റെ ഫിനിഷറും ഓൾ റൗണ്ടറുമായി ഹാര്‍ദിക് പാണ്ഡ്യയെയാണ് പരിഗണിച്ചിട്ടുള്ളത്. സ്പിൻ ഓൾ റൗണ്ടറായി അക്‌സർ പട്ടേലും സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയും ടീമിലെത്തി. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ഡിപ്പാർമെന്റിൽ അർഷ്ദീപ് സിങ്ങും ഭുവനേശ്വർ കുമാറുമാണ് ചോപ്രയുടെ ഇലവനിൽ ഉള്ളത്.

Content Highlights: no kohli; akash chopra pick all time eleven for t 20 team of india

To advertise here,contact us