'ടി 20 ലോകകപ്പ് കളിക്കുന്നുവെങ്കിൽ അതിന് മുമ്പ് തീരുമാനിക്കണം'; BCB ക്ക് ലാസ്റ്റ് ഡേറ്റ് നൽകി ICC

ടി20 ലോകകപ്പിൽ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസിയുടെ അന്ത്യശാസനം

ടി20 ലോകകപ്പിൽ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസിയുടെ അന്ത്യശാസനം. വിഷയത്തിൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ ഐസിസി സമയം നൽകി. അതിനുള്ളിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്‌കോട്ട്‌ലൻഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ദേശീയ മാധ്യമങ്ങൾ അറിയിച്ചു.

ശനിയാഴ്ച ധാക്കയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ഐസിസി ബിസിബിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ബംഗ്ലാദേശ് കടുംപിടിത്തം തുടരുന്ന പശ്ചാത്തലത്തിലാണ് ഐ സി സിയുടെ ഈ നീക്കം. ലോകകപ്പ് അടുത്തിരിക്കെ ഈ നിലപാടുമായി മുന്നോട്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഐസിസിയുടെ പക്ഷം.

പ്രശ്‌നപരിഹാരത്തിനായി ബംഗ്ലാദേശ് മുന്നോട്ടുവെച്ച നിർദേശങ്ങളെല്ലാം നേരത്തേ തള്ളിയിരുന്നു. ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചർച്ചയ്‌ക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് ഐസിസി സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാൻ തീരുമാനിച്ചത്.

അടുത്തിടെ പുതിയ നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയർലൻഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന്‌ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെട്ടു. പ്രാഥമിക റൗണ്ടിൽ അയർലൻഡിന്റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് കൊളംബോയിലാണ്.എന്നാൽ, തങ്ങളുടെ മത്സരവേദിയിൽ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനൽകിയതായി അയർലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്.

ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു. ആദ്യം രാജ്യത്ത് നിന്ന് ഐ പി എൽ സംപ്രേക്ഷണം നിരോധിച്ച ബംഗ്ലാദേശ് പിന്നീട് ടി 20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്നും അറിയിച്ചിരുന്നു.

Content Highlights-ICC issues January 21 ultimatum to Bangladesh; for T20 World Cup

To advertise here,contact us