ഇന്ത്യ-നായൂസിലാൻഡ് ഏകദിന പരമ്പരയിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. മൂന്ന് മത്സര പരമ്പരയിൽ രണ്ടെണ്ണം തോറ്റാണ് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞത്. ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ പിന്നീടുള്ള രണ്ട് കളിയിലും തോൽക്കുകയായിരുന്നു. ഇന്നലെ ഇൻഡോറിൽ നടന്ന അവസാന മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യൻ തോൽവി.
108 പന്തിൽ 124 റൺസ് നേടിയ വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിപ്പിക്കാൻ സാധിച്ചില്ല. വിരാട് കോഹ്ലിയെ കൂടാതെ നിതീഷ് കുമാർ റെഡ്ഡിയും (57 പന്തിൽ 53) ഹർഷിത് റാണ (43 പന്തിൽ 52) എന്നിവരാണ് ഇന്ത്യക്കായി ബാറ്റ് കൊണ്ട് തിളങ്ങിയത്. ഇതിൽ എടുത്ത് പറയേണ്ടത് ഹർഷിത് റാണയുടെ പ്രകടനമാണ്. വിരാട് കോഹ്ലിയുമൊത്ത് ഏഴാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കാൻ റാണക്ക് സാധിച്ചു.
അടിച്ച 52 റൺസിൽ നാല് ഫോറും നാല് സിക്സറും റാണ നേടിയിരുന്നു. വിരാടിനെ കാഴ്ച്ചക്കാരനാക്കി കിവി ബൗളർമാരെ കടന്നാക്രമിച്ചത് റാണയായിരുന്നു. ഇന്ത്യൻ ടീമിൽ അവസരം നൽകുന്നതിന് നിരന്തരം ട്രോളുകൾ ലഭിക്കുന്ന താരമാണ് റാണ. തനിക്ക് അർഹിക്കാത്ത പൊസിഷനാണെന്നും കോച്ച് ഗൗതം ഗംഭീറിന്റെ പെറ്റ് ആണെന്നും റാണയെ ഒരുപാട് പേർ അധിക്ഷേപിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് കാട്ടി അദ്ദേഹം വളരുകയാണ്. പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും റൺസ് നേടിയവരിൽ നാലാമതാണ് ഈ ബൗളിങ് ഓൾറൗണ്ടർ.
ഹർഭജൻ സിങ്ങിന് ശേഷം വാലറ്റത്ത് ഹിറ്റ് ചെയ്യാൻ കഴിവുള്ള കളിക്കാർ ഇന്ത്യക്കുണ്ടായിട്ടില്ല. റാണക്ക് ആ റോൾ ഏറ്റെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് സൂചിപ്പിക്കുന്നു. എന്തായാലും റാണയുടെ പ്രകടനം ആരാധകർ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്.
Content Highlights- Harshit Rana making impact in ODI career