രോഹിതിന്റെ മോശം ഫോമിനെ കുറിച്ച് ചോദ്യം; ഗില്ലിന്റെ വായടപ്പൻ മറുപടി

പരമ്പരയില്‍ ആകെ 61 റൺസാണ് രോഹിതിന്റെ സമ്പാദ്യം

കിവീസിനെതിരായ ഏകദിന പരമ്പരയിൽ മോശം ഫോമിലായിരുന്ന സീനിയർ താരം രോഹിത് ശർമക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. നിർണായകമായ മൂന്നാം മത്സരത്തിൽ 13 പന്തിൽ 11 റൺസുമായി രോഹിത് ശർമ പുറത്തായിരുന്നു. പരമ്പരയില്‍ ആകെ 61 റൺസാണ് രോഹിതിന്റെ സമ്പാദ്യം. 20 ആണ് ബാറ്റിങ് ആവറേജ്. ഒറ്റ ഫിഫ്റ്റി പോലും താരത്തിന്റെ പേരിൽ ഇല്ല.

'രോഹിത് ശർമ ഇപ്പോഴും മികച്ച ഫോമിൽ തന്നെയാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലുമൊക്കെ നമ്മളത് കണ്ടു. കിവീസിനെതിരെ അദ്ദേഹം ചില നല്ല തുടക്കങ്ങളും നൽകിയിരുന്നു. എന്നാൽ ഇതൊക്കെ എപ്പോഴും സെഞ്ച്വറികളാകണമെന്ന് വാശി പിടിക്കരുത്. അത് അസാധ്യമാണ്. അതേ സമയം നിങ്ങൾ എപ്പോഴും അതിനായി ശ്രമിച്ച് കൊണ്ടേയിരിക്കണം'- ഗില്‍ പറഞ്ഞു

ഇന്ത്യൻ മണ്ണിൽ കിവീസിന്റെ ആദ്യ പരമ്പര വിജയമാണിത്. ഇന്‍റോറില്‍ അരങ്ങേറിയ അവസാന ഏകദിനത്തിൽ 41 റൺസിനാണ് സന്ദർശകർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി സെഞ്ച്വറി നേടിയെങ്കിലും കളി ജയിപ്പിക്കാനായില്ല. വാലറ്റത്ത് അർധ സെഞ്ച്വറിയുമായി നിതിഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ പോരാട്ടം 46 ഓവറിൽ അവസാനിക്കുകയായിരുന്നു.

Content highlight: Gill responds to question about Rohit's poor form

To advertise here,contact us