ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ എല്ലാ കാലത്തും മികച്ച കളി പുറത്തെടുക്കുന്ന താരമാണ് ഓസ്ട്രേലിയന് ഓപ്പണര് ട്രാവിസ് ഹെഡ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില് 140 കോടി ജനതയുടെ സ്വപ്നങ്ങള്ക്കുമേല് ഹെഡ് തല ഉയര്ത്തി നിന്നത് ആരാധക മനസില് ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. അത് മാത്രമല്ല ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവും ഇന്ത്യയിൽ നിന്ന് ഓസീസ് പിടിച്ചെടുത്തത് ഹെഡിന്റെ മികവിലായിരുന്നു.
എന്നാല് ഇപ്പോഴിതാ ഇന്ത്യക്കെതിരായ കളിമികവില് ട്രാവിസ് ഹെഡിനെയും മലര്ത്തിയടിക്കുകയാണിപ്പോള് മറ്റൊരു താരം. മറ്റാരുമല്ല, ന്യൂസിലന്ഡിന്റെ ഡാരില് മിച്ചലെന്ന മൊട്ടത്തലയന് ആണ് ഇന്ത്യയുടെ അന്തകനാകുന്ന ആ കളിക്കാരൻ.
ഹെഡും ഡാരില് മിച്ചലും ഇന്ത്യക്കെതിരെ 13 ഏകദിനങ്ങള് വീതമാണ് കളിച്ചത്. എന്നാല് റണ് കണക്കില് ഹെഡിനെക്കാള് ബഹുദൂരം മുന്നിലാണ് മിച്ചല്. ഇന്ത്യക്കെതിരെ കളിച്ച 13 ഏകദിനങ്ങളില് ഹെഡ് 37.41 ശരാശരിയിലും 101.58 സ്ട്രൈക്ക് റേറ്റിലും 443 റണ്സടിച്ചു.
ഡാരില് മിച്ചല് കളിച്ച 13 മത്സരങ്ങളിലെ 11 ഇന്നിംഗ്സില് 74.10 ശരാശരിയിലും 97.11 സ്ട്രൈക്ക് റേറ്റിലുമായി 741 റണ്സാണ് മിച്ചല് അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരെ കളിച്ച 11 ഇന്നിംഗ്സുകളില് ആറ് തവണയും മിച്ചലിന് അര്ധസെഞ്ച്വറിക്കും മുകളില് നേടാനായി. ഇതില് രണ്ട് സെഞ്ച്വറികളും ഉള്പ്പെടുന്നു.
ഇന്നലെ നേടിയ 137 റണ്സാണ് ഇന്ത്യക്കെതിരെ മിച്ചലിന്റെ ഉയര്ന്ന സ്കോര്. ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മിന്നും പ്രകടനമാണ് താരം കാഴ്ച വെച്ചത്. മുന്ന് മത്സരങ്ങളില് നിന്ന് നേടിയത് 352 റണ്സാണ്. ശരാശരി 176. രണ്ട് സെഞ്ച്വറികളും ഒരു അര്ധ സെഞ്ച്വറിയും മിച്ചല് സ്വന്തമാക്കി.
Content Highlights-